സ്മിതാ മേനോന്റെ സന്ദര്‍ശനം: വി.മുരളീധരനെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യൂഡൽഹി: അബുദാബിയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പി.ആർ ഏജൻസി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന പരാതിയെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയത്. വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി കൂടിയായ അരുൺ കെ ചാറ്റർജിയോട് ഇത് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
2019-ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയിൽ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. തുടർന്ന് അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോർച്ച ഭാരവാഹി പട്ടികയിൽ സ്മിതമേനോനെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായും തിരഞ്ഞെടുത്തിരുന്നു.
ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരായിരുന്നു ആദ്യം പരാതിയുമായി എത്തിയത്. തുടർന്ന് ഇത് രാഷ്ട്രീയ വിവാദമായതോടെ പ്രധാനമന്ത്രിക്ക് മുന്നിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പരാതിയുമെത്തി. മുതിർന്ന ബി.ജെ.പി നേതാക്കൾക്ക് പോലും അറിയാത്ത സ്മിതാ മേനോൻ എങ്ങനെ മഹിളാമോർച്ചയുടെ പ്രധാന സ്ഥാനത്ത് എത്തിയെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മാത്രമല്ല ഇവരെ രാജ്യ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ പങ്കെടുപ്പിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്നും നയന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ആക്ഷേപമുണ്ട്.
പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരേ ബി.ജെ.പി സമരവുമായി രംഗത്ത് വരുമ്പോൾ തന്നെയാണ് പാർട്ടിയിലെ ഒരു മന്ത്രി തന്നെ പ്രോട്ടോക്കോൾ ലംഘിച്ചെന്ന പരാതി ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
വിദേശകാര്യമന്ത്രാലവുമായി ബന്ധപ്പെട്ട പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ കൂടെ ചുമതലയുള്ള അണ്ടർ സെക്രട്ടറി അരുൺ ചാറ്റർജിയോട് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്.എങ്ങനെ സ്മിതാ മേനോൻ മന്ത്രിക്കൊപ്പം യാത്ര ചെയ്തു, വിസ കാര്യങ്ങൾ എങ്ങനെയായിരുന്നു എന്നതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാവുമെന്നാണ് അറിയുന്നത്.

