KSDLIVENEWS

Real news for everyone

മിസൈലിനു മുന്നിൽ പതറാത്ത യുക്രെയ്ൻ ജനത്തെ മുക്കിക്കൊല്ലാൻ റഷ്യ; 42,000 പേരെ നേരിട്ടു ബാധിക്കും

SHARE THIS ON

കീഴടങ്ങാൻ മനസ്സില്ലാതെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടിരിക്കുന്ന യുക്രെയ്ൻ ജനത്തെ ഡാം തകർത്ത് മുക്കിക്കൊല്ലാനുള്ള നീക്കമാണ് റഷ്യ നടത്തുന്നതെന്ന് യൂറോപ്യൻ രാജ്യങ്ങൾ. നോവ കഖോവ്ക ഡാം തകർത്തതോടെ മാറ്റിപ്പാർപ്പിച്ചത് ആയിരക്കണക്കിന് ആളുകളെയാണ്. 42,000 ആളുകളുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ദുരന്തം ഇന്നോടെ മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ്‌ യുക്രെയ്ൻ അധികൃ‍തർ അറിയിച്ചത്. 

‘വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ദുരന്തത്തിന്റെ വ്യാപ്തി രണ്ടു ദിവസങ്ങൾക്കുള്ളിൽ വ്യക്തമാകും. തെക്കൻ യുക്രെയ്നിലെ ആയിരക്കണക്കിന് ആളുകൾക്ക് വീടും ജീവിതവും നഷ്ടമാകും. ഭക്ഷണവും വെള്ളവും ലഭിക്കാതെ ആളുകൾ ബുദ്ധിമുട്ടിലാകും’– യുഎൻ എയിഡ് ചീഫ് മാർട്ടിൻ ഗ്രിഫിത്ത് പറഞ്ഞു. നിലവിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അതും ഉണ്ടായേക്കാമെന്നും യുഎസ് വക്താവ് അറിയിച്ചു. 

പല ഗ്രാമങ്ങളും വെള്ളത്തിൽ മുങ്ങുന്നതിനിടെ റഷ്യ മിസൈൽ ആക്രമണവും നടത്തിയെന്ന് യുക്രെയ്ൻ ആരോപിച്ചു. ഗ്രാമങ്ങളും നഗരങ്ങളുമുൾപ്പെടെ 80 പ്രദേശങ്ങളാണ് വെള്ളത്തിനടിയിലായതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. അതേ സമയം, ഡാം തകർത്തത് യുക്രെയ്ൻ ആണെന്ന് റഷ്യ ആരോപിച്ചു. റഷ്യ–യുക്രെയൻ യുദ്ധം ആരംഭിച്ചതുമുതൽ ഏറ്റവും കൂടുതൽ ഭീഷണി നേരിട്ടിരുന്ന ഡാം ഒടുവിൽ തകർക്കപ്പെട്ടു. യുക്രെയ്ൻ ജനത്തെ കൊടുംയാതനകളിലേക്കാണ് ഡാമിന്റെ തകർച്ച തള്ളിവിട്ടിരിക്കുന്നത്. 

വെടിയുണ്ട, മിസൈൽ, ഒടുവിൽ പ്രളയം

‌ഖേർസൻ മേഖലയിലെ സുപ്രധാന ഡാം തകർന്നതോടെ പതിനായിരക്കണക്കിനാളുകളാണ് ദുരിതത്തിലായത്. കഖോവ്ക ഡാം റിസർവോയറിൽ നിന്നാണ് ഖേർസനിലെ കൃഷിക്കാർ വെള്ളം കണ്ടെത്തിയിരുന്നത്. സാപൊറീഷ്യ ആണവ നിലയം തണുപ്പിക്കുന്നതിനാവശ്യമായ വെള്ളം കൊണ്ടുപോയിരുന്നതും ഇവിടെ നിന്നാണ്. റഷ്യ പിടിച്ചടക്കിയ ക്രൈമിയയിലേക്കും ആവശ്യമായ ജലം ഇവിടെ നിന്നാണ് കൊണ്ടുപോയിരുന്നത്. 

ഡം തകർന്നതോടെ ആളുകൾ കയ്യിൽ കിട്ടിയ സാധനങ്ങളുമായി ബസിലും ട്രെയിനിലും കയറി മറ്റു ദേശങ്ങളിലേക്ക് പോകാൻ നിർബന്ധിതരായി. 40,000 പേരെ മാറ്റിപ്പാർപ്പിച്ചതായാണ് കണക്ക്. യുക്രെയ്ൻ അധീനതയിലുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും 17,000 പേരെയും റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് 25,000 പേരെയുമാണ് മാറ്റിയതെന്ന് യുക്രെയ്ൻ ഡപ്യൂട്ടി പ്രോസിക്യൂട്ടർ ജനറൽ വിക്ടോറിയ ലിത്വിനോവ പറഞ്ഞു.

തിരിച്ചുപിടിച്ചതോടെ റഷ്യ പ്രതിരോധത്തിലേക്ക് മാറുകയായിരുന്നു.  എന്നാൽ, പ്രത്യാക്രമണം പാളിയതോടെ യുക്രെയ്ൻ ആണ് ഡാം തകർത്തതെന്ന ആരോപണമാണ് റഷ്യ ഉന്നയിക്കുന്നത്. ക്രൈമിയയിലേക്ക് ശുദ്ധജലം എത്തുന്നത് തടയുന്നതിനാണ് ഡാം തകർത്തതെന്നും റഷ്യ ആരോപിച്ചു. 

ഡാം തകർത്തത് തിരിച്ചടി തടയാനോ ?

ബാഖ്മുതിൽ യുക്രെയ്ൻ സൈന്യം മുേന്നറ്റം നടത്തുകയാണെന്ന് പ്രതിരോധ ഉപമന്ത്രി ഹന്ന മലിയർ പറഞ്ഞു. എന്നാണ് പ്രത്യാക്രമണം ആരംഭിച്ചതെന്ന് വ്യക്തമാക്കാൻ അവർ തയാറായില്ല. രക്തരൂഷിതമായ യുദ്ധം നടക്കുന്ന സ്ഥലമാണ് ബാഖ്മുത്. റഷ്യയയും യുക്രെയ്നും ഒരുപോലെ പ്രാധാന്യം കൽപ്പിക്കുന്ന ഈ സ്ഥലത്ത് യുദ്ധം ആരംഭിച്ചതുമുതൽ കനത്ത പോരാട്ടമാണ്. ഇതിനിടെയാണ് ഡാം തകർക്കപ്പെട്ടത്. ഡാം തകർത്തതുകൊണ്ട് യുക്രെയ്നെ പ്രത്യാക്രമണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് സെലെൻസ്കി പറഞ്ഞു.   

കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

ഖേർസൻ നഗരത്തിനു 30 കിലോമീറ്റർ കിഴക്കായി, ഡിനിപ്രോ നദിയിൽ നിർമിച്ചിരുന്നതാണ് നോവ കഖോവ്ക അണക്കെട്ട്. യൂറോപ്പിലെ വലിയ നദികളിലൊന്നായ ഡിനിപ്രോയിൽ, കഖോവ്‌ക ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 1956ൽ ആണ് അണക്കെട്ട് നിർമിച്ചത്. 30 മീറ്റർ ഉയരമുള്ള അണക്കെട്ടിൽ വലിയ തോതിൽ വെള്ളം സംഭരിച്ചിരുന്നു. ഏകദേശം 18 ക്യുബിക് കിലോമീറ്റർ വെള്ളമാണ് അണക്കെട്ടിൽ ഉണ്ടായിരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. യുഎസിലെ യൂട്ടായിലെ വലിയ തടാകമായ ഗ്രേറ്റ് സാൾട്ട് ലേക്കിലേതിനു തുല്യമായ അളവിലുള്ള വെള്ളമാണ് ഇവിടെയുണ്ടായിരുന്നത്. യുദ്ധത്തിൽ റഷ്യ പിടിച്ചെടുത്തശേഷം യുക്രെയ്ൻ തിരിച്ചുപിടിച്ച തുറമുഖ നഗരമാണ് ഖേർസൻ. 

2014ലെ യുദ്ധത്തിൽ യുക്രെയ്നിൽനിന്ന് റഷ്യ കൂട്ടിച്ചേർത്ത ക്രൈമിയ ഉപദ്വീപിന്റെ തെക്കുഭാഗം വരെയും വടക്കു ഭാഗത്ത് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോറീഷ്യ വരെയും നോവ കഖോവ്ക ഡാമിലെ വെള്ളം എത്തുന്നുണ്ട്. കഖോവ്ക ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനവും തടസ്സപ്പെടുന്നതോടെ യുക്രെയ്ൻ അനുഭവിക്കുന്ന ഊർജ പ്രതിസന്ധി രൂക്ഷമാകും. ഡാം തകർന്നതോടെ യുക്രെൻകാർക്ക് കുടിവെള്ളം പോലും ഇല്ലാതാകുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ യുദ്ധത്തിന്റെ ഗതിപോലും മാറിയേക്കാമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!