KSDLIVENEWS

Real news for everyone

ലിവിങ്‌ ടുഗതർ നിയമപരമായ വിവാഹമല്ല, അതിനാൽ വിവാഹമോചനം സാധ്യമല്ല- ഹൈക്കോടതി

SHARE THIS ON

കൊച്ചി: ലിവിങ് ടുഗതറിനെ നിയമപരമായ വിവാഹമായി കാണാനാകില്ലെന്നും അതിനാൽ വിവാഹമോചനഹർജി നിലനിൽക്കില്ലെന്നും ഹൈക്കോടതി. 17 വർഷമായി ലിവിങ് ടുഗതറായി ഒന്നിച്ച് താമസിക്കുകയായിരുന്നവരുടെ വിവാഹമോചന ഹർജി എറണാകുളം കുടുംബകോടതി തള്ളിയതിനെതിരേ നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 2006 ഫെബ്രുവരി 19 മുതൽ ഒന്നിച്ചു താമസിക്കുന്നവരായിരുന്നു ഹർജിക്കാർ. രജിസ്റ്റർ ചെയ്ത കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും ഒന്നിച്ചു താമസം തുടങ്ങിയത്. ഒരാൾ ഹിന്ദുമത വിശ്വാസിയും മറ്റൊരാൾ ക്രിസ്ത്യൻമത വിശ്വാസിയുമായിരുന്നു. ഈ ബന്ധത്തിൽ 16 വയസ്സുള്ള കുട്ടിയും ഉണ്ട്. ഇരുവരും സംയുക്തമായാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചത്. എന്നാൽ, സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടന്നിട്ടില്ലാത്തതിനാൽ കുടുംബകോടതി ഹർജി തള്ളി. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത് നിയമപരമായ അംഗീകാരമാണെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ, നിയമം ഇതുവരെ ലിവിങ്‌ ടുഗതറിനെ വിവാഹമായി അംഗീകരിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. വ്യക്തിനിയമ പ്രകാരമോ സ്പെഷ്യൽ മാര്യേജ് ആക്ട് പോലുള്ള സെക്കുലർ നിയമപ്രകാരമോ നടത്തുന്ന വിവാഹംമാത്രമേ നിയമം അംഗീകരിക്കുന്നുള്ളു. ഒരു കരാറിന്റെ അടിസ്ഥാനത്തിൽ ഒന്നിച്ചുജീവിക്കാൻ തീരുമാനിക്കുന്നതിനെ വിവാഹമായി കാണാനാകില്ല. ചില സമുദായങ്ങളുടെ കോടതിക്കുപുറത്തുള്ള വിവാഹമോചനത്തിനും നിയമപരമായ അംഗീകാരമുണ്ട്. പക്ഷേ, ലിവിങ് ടുഗതറുകാരുടെ വിവാഹമോചന ഹർജി പരിഗണിക്കാനാകില്ല. ഹർജിക്കാരുടെ വിവാഹമോചന ഹർജി കുടുംബകോടതിതന്നെ മടക്കുകയായിരുന്നു വേണ്ടത്. അതിനായി ഹർജി കുടുംബകോടതിയിലേക്ക് തിരികെ നൽകാൻ നിർദേശിച്ചു. ഹർജിക്കാർക്ക് പ്രശ്നപരിഹാരത്തിനായി മറ്റു മാർഗങ്ങൾ സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!