KSDLIVENEWS

Real news for everyone

സുധാകരന്റെ മുൻകൂർ ജാമ്യം ബുധനാഴ്ച പരിഗണിക്കും; അതുവരെ അറസ്റ്റ് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി

SHARE THIS ON

കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പുകേസിൽ പ്രതി ചേർക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി. മോൻസൻ ഉൾപ്പെട്ട വഞ്ചനാകേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരുന്നു. ചോദ്യംചെയ്യലിനു 23നു ഹാജരാകാനാണു ക്രൈംബ്രാഞ്ച് സുധാകരനു നോട്ടിസ് നൽകിയത്. മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയായ കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ.

മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല

തുടർന്നു 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വച്ചു സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പുനൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്നാണു പരാതിക്കാർ ആരോപിക്കുന്നത്. അന്നു പാർലമെന്റിലെ ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പരാതിക്കാൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!