KSDLIVENEWS

Real news for everyone

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ച കേസ്‌; മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ്

SHARE THIS ON

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ പോക്‌സോ കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും പോക്‌സോ നിയമത്തിലേയും വകുപ്പുകളിലാണ് മോന്‍സന് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്‌സോ കേസിലെ അഞ്ചാംവകുപ്പ് പ്രകാരവും ഐ പി സി 370, 376 വകുപ്പുകളിലും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഓരോ വകുപ്പുകളിലും പിഴയും ഈടാക്കിയിട്ടുണ്ട്. പോക്‌സോ ആക്ട് അഞ്ച് പ്രകാരം അഞ്ച് ലക്ഷം രൂപ പിഴ കോടതി വിധിച്ചു. ഈ തുക കെട്ടിവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസം കൂടി ജയിലില്‍ കഴിയേണ്ടി വരും. ഇത്തരത്തില്‍ എല്ലാ വകുപ്പുകളിലും തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മോന്‍സന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോന്‍സന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ മോന്‍സനെതിരായ പത്ത് കുറ്റങ്ങളിലാണ് ശനിയാഴ്ച കോടതി ശിക്ഷ വിധിച്ചത്. പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോന്‍സനെതിരേ പോക്സോ പരാതിയുമായി ജീവനക്കാരിയും എത്തിയത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. മോന്‍സന്‍ മാവുങ്കലിനെതിരേ മറ്റൊരു ബലാത്സംഗകേസും നിലവിലുണ്ട്. മോന്‍സനെതിരേയുള്ള പതിനാറു കേസുകളില്‍ ആദ്യത്തെ വിധിയാണ് ഇത്. ക്രെംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആര്‍.റസ്റ്റത്തിന്റെ കീഴിലുള്ള പ്രത്യേകസംഘമാണ് ദ്രുതഗതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി മോന്‍സനെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. മോന്‍സന്റെ മാനേജറായ ജോഷി ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു പോക്‌സോ കേസും നിലവിലുണ്ട്. ജോഷിയുടെ കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!