ശ്രീനഗറിലെത്തി സോണിയ ഗാന്ധി, നൈജീൻ തടാകത്തിൽ ബോട്ട് യാത്ര: രാഹുൽ ഗാന്ധിക്കൊപ്പം ചേരും

ശ്രീനഗർ∙ ശ്രീനഗറിലുള്ള രാഹുൽ ഗാന്ധിക്കൊപ്പം ചേരാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും, ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വികാർ റസൂൽ വാണി അടക്കമുള്ള നേതാക്കളും ചേർന്ന് സോണിയ ഗാന്ധിക്കു ഊഷ്മള സ്വീകരണം നൽകി. ശ്രീനഗറിലെത്തിയതിനു പിന്നാലെ നൈജീൻ തടാകം സന്ദർശിച്ച സോണിയ ഗാന്ധി ബോട്ട് യാത്ര നടത്തിയതായി കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവു പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ലഡാക്കിലായിരുന്ന രാഹുൽ ഗാന്ധി കാർഗിലിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തതിനു പിന്നാലെ വെള്ളിയാഴ്ചയാണു ശ്രീനഗറിലെത്തിയത്. നൈജീൻ തടാകത്തിലെ ഒരു ബോട്ടിലാണു രാഹുൽ ഗാന്ധി കഴിഞ്ഞത്. പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാധ്രയും രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പം ചേരും. ഞായറാഴ്ച സംഘം ഗുൽമാർഗ് സന്ദർശിക്കും. ഇതിനിടെ ഒരു രാഷ്ട്രീയ പരിപാടിയും ഷെഡ്യൂൾ ചെയ്തിട്ടില്ല. ഓഗസ്റ്റ് 17നാണു രാഹുൽ ഗാന്ധി ലഡാക്കിലെത്തിയത്.

