KSDLIVENEWS

Real news for everyone

ജി-20 ഉച്ചകോടിക്ക് നേരിട്ടെത്തില്ല; അസൗകര്യം മോദിയെ ഫോണില്‍ വിളിച്ചറിയിച്ച് പുടിൻ

SHARE THIS ON

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ ഇന്ത്യയിലെത്തില്ല. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനെ പുതിന്റെ പ്രതിനിധിയായി ഇന്ത്യയിലേക്കയക്കും. ഉച്ചകോടിയിലേക്ക് വരാന്‍ കഴിയില്ലെന്നും പകരം പ്രതിനിധിയായി റഷ്യന്‍ വിദേശകാര്യമന്ത്രിയെ അയക്കുമെന്നും പുതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചറിയിച്ചു. റഷ്യയുടെ തീരുമാനത്തെ ഇന്ത്യ ഉള്‍ക്കൊണ്ടു. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് റഷ്യ നല്‍കുന്ന മികച്ച പിന്തുണയ്ക്ക് മോദി പുതിനെ നന്ദിയറിയിക്കുകയും ചെയ്തു. അതേസമയം ഇരുനേതാക്കളും ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. നേരത്തേ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും പുതിന്‍ നേരിട്ടെത്തിയിരുന്നില്ല. പകരം വീഡിയോ ലിങ്ക് വഴിയാണ് പങ്കെടുത്തത്. സെപ്റ്റംബര്‍ ഒന്‍പത്, പത്ത് തീയതികളില്‍ ഡല്‍ഹിയില്‍വെച്ചാണ് ജി-20 ഉച്ചകോടി നടക്കുക. യുക്രൈനെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാതലത്തില്‍ പുതിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ക്രെംലിന്‍ നിഷേധിക്കുന്നുണ്ടെങ്കിലും വിദേശയാത്ര നടത്തുന്നത് അറസ്റ്റിന് ഇടയാക്കുമെന്ന കാരണത്താലാണ് ഇന്ത്യയിലേക്കുള്ള പുതിന്റെ യാത്ര ഒഴിവാക്കുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!