KSDLIVENEWS

Real news for everyone

വധശിക്ഷയ്‌ക്കെതിരായ ദയാഹര്‍ജികളില്‍ രാഷ്ട്രപതിയുടെ തീരുമാനം അന്തിമം; അപ്പീല്‍ വിലക്കി BNSS ബില്‍

SHARE THIS ON

ന്യൂഡൽഹി: വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ നൽകുന്ന ദയാഹർജികളിൽ രാഷ്ട്രപതി എടുക്കുന്ന തീരുമാനം കോടതിയിൽ ചോദ്യം ചെയ്യുന്നത് വിലക്കി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്ല് (BNSS). ദയാഹർജികളിൽ രാഷ്ട്രപതി എങ്ങനെയാണ് തീരുമാനം എടുക്കുന്നത് എന്നതിനെ സംബന്ധിച്ചും കോടതികൾക്ക് പരിശോധിക്കാനാകില്ലെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, ദയാഹർജികളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി ഉണ്ടാകില്ല. വധശിക്ഷയ്‌ക്കെതിരേ നൽകുന്ന ദയാഹർജികളിൽ ഭരണഘടനയുടെ അനുച്ഛേദം 72 പ്രകാരമാണ് രാഷ്‌ട്രപതി തീരുമാനമെടുക്കുന്നത്. 72-ാംഅനുച്ഛേദ പ്രകാരമുള്ള അധികാരം ഉപയോഗിച്ച് രാഷ്ട്രപതിയെടുക്കുന്ന തീരുമാനം ഇനി മുതൽ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കാൻ കഴിയില്ലെന്നാണ് 2023-ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്ലിന്റെ 473-ാം വകുപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ ദയാഹർജി രാഷ്‌ട്രപതി തള്ളിയാലും ആ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യാൻ നിലവിൽ നിയമപരമായി കഴിയുമായിരുന്നു. തൂക്കു കയർ ഒഴിവാക്കുന്നതിനുള്ള അവസാന നിയമ പോരാട്ടമാണ് ഇതിലൂടെ കുറ്റവാളികൾക്ക് ലഭിക്കുന്നത്‌. പല സുപ്രധാന കേസുകളിലും ഇത് സുപ്രീം കോടതിയിലെ പാതിരാവാദങ്ങൾക്ക് പോലും വഴിവെച്ചിരുന്നു. എന്നാൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്ല് നിയമം ആകുന്നതോടെ ദയാഹർജികളിൽ രാഷ്ട്രപതിയുടെ തീരുമാനം അന്തിമമാകും. ഒരേ കേസിൽ ഒന്നിലധികം പേർക്ക് വധശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ എല്ലാവരുടെയും ദയാഹർജികൾ രാഷ്‌ട്രപതി ഒരുമിച്ച് പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് ബില്ലിൽ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഒരേ കേസിൽ വിവിധ തടവുകാർ വ്യത്യസ്ത സമയങ്ങളിൽ ദയാഹർജി നൽകി ശിക്ഷ നടപ്പാക്കുന്നത് വൈകിക്കുന്നത് തടയാനാണ് ഈ വ്യവസ്ഥയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഒരു കേസിൽ ഒന്നിലധികം കുറ്റവാളികൾ ഉണ്ടെങ്കിൽ, ഓരോ കുറ്റവാളിയും 60 ദിവസത്തിനകം ദയാഹർജി നൽകിയെന്ന് ജയിൽ സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വധശിക്ഷ ലഭിച്ച ഏതെങ്കിലും ഒരു കുറ്റവാളി ദയാഹർജി നൽകിയിട്ടില്ലെങ്കിൽ ജയിൽ സൂപ്രണ്ട് തന്നെ കുറ്റവാളിയുടെ പേര്, വിലാസം, കേസുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ മറ്റെല്ലാ വിശദാംശങ്ങളും യഥാര്‍ഥ ദയാഹർജിയോടൊപ്പം കേന്ദ്ര- സംസ്ഥാന സർക്കാരിന് കൈമാറണമെന്നും ബിൽ നിർദ്ദേശിക്കുന്നു. ഇതിൽ രാഷ്ട്രപതി ഒരുമിച്ച് തീരുമാനമെടുക്കും. ബി.എൻ.എസ്.എസ്. ബില്ലിലെ 473-ാം വകുപ്പനുസരിച്ച് സംസ്ഥാന സർക്കാർ തീരുമാനം വന്ന് 60 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന്റെ തീരുമാനം രാഷ്ട്രപതിയെ അറിയിക്കണം. രാഷ്ട്രപതിയുടെ ദയാഹർജിയിൽ തീരുമാനം 48 മണിക്കൂറിനുള്ളിൽ കേന്ദ്രസർക്കാർ സംസ്ഥാന ആഭ്യന്തരവകുപ്പിനും ജയിൽ സൂപ്രണ്ടന്റിനും കൈമാറണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!