കോണ്‍ഗ്രസ് മുക്തഭാരതം: ബ്രിട്ടീഷുകാര്‍ക്ക് സാധിക്കാത്തത് മോദിക്ക് എങ്ങനെ സാധിക്കും?- രാഹുല്‍ഗാന്ധി

മുംബൈ: ബ്രിട്ടീഷുകാര്‍ക്ക് സാധ്യമാവാത്ത കോണ്‍ഗ്രസ് മുക്തഭാരതം എങ്ങനെ നരേന്ദ്രമോദിക്ക് നടപ്പാക്കാന്‍ കഴിയുമെന്ന് രാഹുല്‍ഗാന്ധി. മുംബൈയില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം. അദാനിയുമായുള്ള ബന്ധം കോണ്‍ഗ്രസിനെ രാജ്യത്തുനിന്നും ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് മോദി കരുതുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ‘ഇന്നത്തെ അമേരിക്കയപ്പോലെ അന്ന് ഇംഗ്ലണ്ട് ആഗോളശക്തിയായിരുന്നു. അവര്‍ക്ക് രാജ്യത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ കഴിഞ്ഞില്ല. പകരം, കോണ്‍ഗ്രസ് അവരെ രാജ്യത്തുനിന്നും തുരത്തി. എന്നാല്‍, അദാനിയുമായുള്ള ബന്ധം കോണ്‍ഗ്രസിനെ രാജ്യത്തുനിന്നും തുടച്ചുനീക്കാന്‍ സഹായിക്കുമെന്ന് മോദിജി കരുതുന്നു. അദാനിയുടെ പണം കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സഹായിക്കും എന്ന് കരുതുന്നത് പോലെ’, രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അവസാനിച്ചുവെങ്കില്‍, ആരാണ് കര്‍ണാടകയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയത്? മഹാരാഷ്ട്രയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഏക പാര്‍ട്ടി ഏതാണ്? സംസ്ഥാനത്ത് തകരാത്ത ഏക പാര്‍ട്ടി നമ്മുടേതാണ്. നമ്മുടേത് ആശയങ്ങളുടെ പാര്‍ട്ടിയായതുകൊണ്ടാണത്. ഇത് മറ്റുപാര്‍ട്ടികളെപ്പോലെയല്ല. എല്ലാ കോണ്‍ഗ്രസുകാരുടേയും സിരയില്‍ ഒരു രക്തമാണുള്ളത്- നിര്‍ഭയത്വത്തിന്റെ. ആരേയും ഭയക്കാത്ത കോണ്‍ഗ്രസുകാരെയാണ് താന്‍ കണ്ടിട്ടുള്ളതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

