നിപ ടെസ്റ്റിന് തോന്നയ്ക്കൽ ഐ.എ.വി. സജ്ജം; 88 തരം വൈറസുകളെ കണ്ടെത്താനുള്ള സംവിധാനം ഉണ്ട്- ഡയറക്ടർ

ക്ലാസ്സിക്കല്‍ ആയ നിപയുടെ ലക്ഷണമെന്നത് എന്‍സിഫലൈറ്റിസ് അഥവാ തലച്ചോറിനുണ്ടാകുന്ന വീക്കം ആണ്. 2018-ലുണ്ടായത് നിപയാണെന്ന സംശയത്തിലേക്ക് നമ്മെ ആദ്യം എത്തിച്ചത് എന്‍സിഫലൈറ്റിസ് ലക്ഷണമാണ്. ഇത്തവണത്തെ രോഗിയില്‍ എന്‍സിഫലൈറ്റിസ് ലക്ഷണം ആരും കണ്ടിരുന്നില്ല. ഇതാണ് രോഗനിർണ്ണയം ആദ്യ രോഗിയിൽ നടക്കാതെ പോയതെന്നും ഡോ. ഇ. ശ്രീകുമാർ
ഐഎവി ഡയറക്ടർ ഡോ. ഇ ശ്രീകുമാർ
ചിക്കന്‍ ഗുനിയ, ഡങ്കി, നിപ, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗങ്ങള്‍ കേരളത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോഴാണ് ഇതേകുറിച്ച് ഗവേഷണം നടത്താന്‍ സ്വന്തമായി ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആശയം കേരളം ആലോചിക്കുന്നത്. 2017-ല്‍ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി (ഐ.എ.വി.) ഇന്ന് തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ പ്രവര്‍ത്തനസജ്ജമാണ്. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് മൂലമുള്ള മരണം വീണ്ടും ഉണ്ടായ സാഹചര്യത്തിൽ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ മാത്രം ആശ്രയിച്ച് എങ്ങനെ മുന്നോട്ടുപോവുമെന്ന ആശങ്ക ഉയരുന്നുണ്ട്. നിപ ബാധിതരെന്നു സംശയിക്കപ്പെട്ടവരുടെ സാംപിളുകൾ എന്തുകൊണ്ടാണ് ഐ.എ.വിയിലേക്കെത്താതെ പോയതെന്നതും പല ഭാഗത്തുനിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. വൈറസ് ബാധിതമരണങ്ങൾ സംഭവിച്ചാൽ എന്തെല്ലാം സേവനങ്ങള്‍ നല്‍കാനാവുമെന്നും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും പദ്ധതികളെ കുറിച്ചും സേവനങ്ങളെ കുറിച്ചും ചരിത്രത്തെ കുറിച്ചും ഐ.എ.വി. ഡയറക്ടര്‍ ഇ. ശ്രീകുമാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു
2017-ല്‍ കേരളത്തിൽ ആദ്യമായി നിപ വൈറസ് ബാധ കണ്ടെത്തിയപ്പോൾ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണല്ലോ സ്വന്തമായൊരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നത്. 2020-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകകൾ എന്തെല്ലാമാണ്? കോഴിക്കോട്ട് വീണ്ടും നിപ വൈറസ് മൂലമുള്ള മരണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ അഞ്ച് വര്‍ഷത്തിനിപ്പുറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന പ്രതീക്ഷ എന്താണ്?
2006-ല്‍ ചിക്കന്‍ ഗുനിയ, 2008-ല്‍ ഡങ്കി, 2009-ല്‍ എച്ച് വണ്‍ എന്‍വണ്‍ എന്നിങ്ങനെ കേരളത്തില്‍ തുടരെത്തുടരെ വൈറസ് ബാധിത രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിനു ശേഷം 2016 അവസാനം ബ്രസീലില്‍ സിക്ക പടർന്നപ്പോൾ ഇവിടെ കേരളത്തിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഇതേപറ്റി അന്വേഷിക്കണം, പഠനം നടത്തണം, അതിനായി ഒരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേണം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു വിദഗ്ധ സമിതി യോഗം 2017-ൽ നടത്തി. ആ യോഗത്തിലാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന തീരുമാനം വരുന്നത്. അധികം വൈകാതെ 2018-ല്‍ തോന്നയ്ക്കൽ ലൈഫ് സയന്‍സ് പാര്‍ക്കില്‍ അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തി. ഈ സ്ഥലത്ത് ഫേസ് വണ്‍- വണ്‍ എ എന്നും ബി എന്നും പറഞ്ഞ് രണ്ട് കെട്ടിടം പണിതു. ഇതില്‍ 30,000 ചതുരശ്ര ചുറ്റളവിലുള്ള പ്രീ ഫാബ്രിക്കേറ്റഡ് ഫേസ് വണ്‍ കെട്ടിടം എട്ട് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി കെട്ടിടോദ്ഘാടനം നടത്തി. ഉദ്ഘാടന ശേഷം 2020 ഒക്ടോബര്‍ വരെ ഡയറക്ടര്‍മാരെ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. അഭിമുഖങ്ങൾ നടത്തിയെങ്കിലും ഡയറക്ടര്‍മാരെ ലഭിക്കാത്തിനാല്‍ സ്ഥാപനം പ്രവര്‍ത്തനക്ഷമമായില്ല. അതിനു ശേഷം 2020-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ ശാസ്ത്രജ്ഞനായിരുന്ന ഡോ. അഖില്‍ ബാനര്‍ജി സയന്റിസ്റ്റായി ജോയിന്‍ ചെയ്തു. ഒരു സീനിയര്‍ സയന്റിസ്റ്റും ജോയിന്‍ ചെയ്തു. 2020-ല്‍ തന്നെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. അതിനു ശേഷം കോവിഡ് വന്നു, ലോക്ക് ഡൗണ്‍ വന്നു. പ്രവര്‍ത്തനം സജീവമായില്ല. 2021 ഒക്ടോബറില്‍ രാജീവ് ഗാന്ധി സെന്റര്‍ഫോര്‍ ബയോടെക്‌നോളജിയില്‍നിന്ന് ഡെപ്യുട്ടേഷനില്‍ ഞാന്‍ ഡയറക്ടറായി ചുമതലയേറ്റു. അന്ന് അഞ്ച് സ്റ്റാഫായിരുന്നത് ഇപ്പോള്‍ 70 ജീവനക്കാരായി. അതിനു ശേഷം ആറ് ലബോറട്ടറികള്‍ക്കുള്ള ഉപകരണങ്ങളും വന്നു. അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരും എത്തി. ഗവേഷണ പ്രവർത്തനങ്ങളും തുടങ്ങി. 2022 ജൂണ്‍ ജൂലൈ ഓഗസ്റ്റ് ആയപ്പോഴേക്കും മോളിക്യൂലാര്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി തുടങ്ങി. ആറ് റിസര്‍ച്ച് ലബോറട്ടറി, മോളിക്യൂലാര്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി, കോര്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി എന്നിവ വന്നു. പുതിയ സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങളും വാങ്ങി. 2021 ജൂണ്‍ മാസം മുതല്‍ പൂര്‍ണ്ണപ്രവര്‍ത്തനത്തിലേക്ക് കടന്നു.
ഐ.എ.വി. കെട്ടിടം | https://iav.kerala.gov.in/
മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് സെന്ററില്‍ നിപ കോവിഡ് പോലുള്ള വൈറല്‍ രോഗങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമോ? സെന്ററിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?
88 തരം വൈറസുകളെ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ബിഎസ്എല്‍ടു പ്ലസ് കാറ്റഗറിയില്‍പ്പെടുന്ന രോഗനിര്‍ണ്ണയ സംവിധാനമാണിത്. ബിഎസ്എല്‍ ടു പ്ലസ് എന്ന് പറയാന്‍ കാരണം അതിനകത്ത് അതിതീവ്രമായ പകര്‍ച്ചവ്യാധികളെ ക്ലാസ് ത്രീ ലെവല്‍ സുരക്ഷ നല്‍കിയായിരിക്കും കൈകാര്യം ചെയ്യുന്നത് . പി.പി.ഇ. കിറ്റും ഹുഡ്ഡും റെസ്പിറേറ്ററും എല്ലാം ധരിച്ച് ക്ലാസ് ത്രീ കാബിനറ്റിലായിരിക്കും പരിശോധന. തിരുവനന്തപുരം ജില്ലയിലെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള സാമ്പിളുകൾ ഇവിടെ പരിശോധിച്ച് നല്‍കുന്നുണ്ട്. റസ്പിറേറ്ററി സാമ്പിളുകള്‍, ബ്ലഡ് യൂറിന്‍ സാമ്പിളുകള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. സംശയിക്കുന്ന ചില രോഗങ്ങളുമായി ബന്ധപ്പെട്ട സാമ്പിളുകളും അതില്‍ ഉള്‍പ്പെടും. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്എടി ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നും സാമ്പിളുകള്‍ വരാറുണ്ട്.
ഇപ്പറഞ്ഞ സാമ്പിളുകളെല്ലാം ഗവേഷണ ആവശ്യത്തിനായാണോ എത്തുന്നത് അതോ രോഗ നിര്‍ണ്ണയത്തിനായാണോ?
ഞാനീ പറഞ്ഞ സാമ്പിളുകളെല്ലാം തന്നെ രോഗ നിര്‍ണ്ണയത്തിനായി എത്തുന്നവയാണ്. ഇന്‍ഫ്ലുവൻസ കോവിഡ് ടെസ്റ്റിങ്ങിനെല്ലാം സാമ്പിളുകള്‍ വരുന്നുണ്ട്. ചില സമയം ഹെര്‍പിസ് വൈറസ് എന്‍സഫലൈറ്റിസ് ടെസ്റ്റ് ചെയ്യാനായും സാമ്പിളെത്താറുണ്ട്. ഡോക്ടര്‍മാര്‍ റഫര്‍ ചെയ്ത് വരുന്നവയാണ് പലതും. ബൈസ്റ്റാന്റേഴ്‌സാണ് ഇതില്‍ മിക്കതും കൊണ്ടുവരുന്നത്.
കോഴിക്കോട്ടുനിന്ന് സാമ്പിള്‍ വന്നെന്ന് പറഞ്ഞല്ലോ. ഇടക്കിടെ വരാറുണ്ടോ, അതോ പ്രത്യേക കേസുകള്‍ മാത്രമാണോ?
കോഴിക്കോട്ടുനിന്ന് ഒരു റാബീസ് സാമ്പിള്‍ മാത്രമാണ് ഇതുവരെ വന്നത്. സ്ഥിരമായി സാമ്പിളുകള്‍ വരാറില്ല. മലപ്പുറത്ത് നിന്ന് ഡങ്കി സാമ്പിളുകള്‍ വന്നിരുന്നു. കൊല്ലത്തെ പാരിപ്പള്ളിയില്‍നിന്നും സ്ഥിരമായി സാമ്പിളുകള്‍ വരാറുണ്ട്.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പദ്ധതി ഉണ്ടല്ലോ. ഈ പദ്ധതിയുടെയും കേരളത്തിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും ഭാഗമായുള്ള സാമ്പിളുകള്‍ ലഭിക്കാറുണ്ടോ?
ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും സര്‍വൈലന്‍സ് ഓഫീസര്‍മാരുണ്ട്. അവര്‍ ചിലസമയങ്ങളില്‍ ഞങ്ങളുമായി ബന്ധപ്പെടാറുണ്ട്. സാമ്പിളുകള്‍ അന്വേഷണം നടത്താനായി തരാറുമുണ്ട്. സിക്ക വൈറസ് ഔട്ട് ബ്രേക്ക് പെരുമാതുറയും ശക്തികുളങ്ങരയും ഉണ്ടായിരുന്നു. ശക്തികുളങ്ങരയിലെ ഡങ്കി ഔട്ട്‌ബ്രേക്ക് ഞങ്ങള്‍ ഇന്‍വെസ്റ്റിഗേറ്റ് ചെയ്തിരുന്നു. നെടുമങ്ങാട് ഭാഗത്ത് അഡിനോ വൈറല്‍ റസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ ഒരു സ്വിമ്മിങ് പൂളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. അത് ഇന്‍വെസ്റ്റിഗേറ്റ് ചെയ്യാനും സാമ്പിള്‍ ടെസ്റ്റ് ചെയ്യാനും അങ്ങോട്ട് പോയിരുന്നു.
ഐ.എ.വിയിലെ മോളിക്യുലർ ഡയഗ്നോസ്റ്റിക് സെന്ററിനുള്ളിൽ നിന്ന് | iav.kerala.gov.in/
ഇത്തവണത്തെ നിപയുടെ സാമ്പിള്‍ എന്നിട്ടെന്തുകൊണ്ടാണ് ഈ ഗവേഷണ കേന്ദ്രത്തിലേക്കെത്താതെ പോയത് ?
നിപ സംശയിക്കുന്ന കേസുകളുണ്ടെന്ന് 11-ന് വൈകിട്ട് വിളിച്ച് പറഞ്ഞിരുന്നു. സാമ്പിള്‍ തന്നാല്‍ ടെസ്റ്റ് ചെയ്യാന്‍ പറ്റുമോ എന്നും ചോദിച്ചിരുന്നു. ഞങ്ങള്‍ ടെസ്റ്റ് ചെയ്തു കൊടുക്കാമെന്നും പറഞ്ഞിരുന്നു. പക്ഷെ, അത് എന്‍.ഐ.വി. പൂനെക്കാണ് പോയതെന്ന് മനസ്സിലായി. ഇതില്‍ രണ്ട് വിഷയങ്ങളുണ്ട്. ഒന്ന് രോഗം തിരിച്ചറിയുക, രണ്ട് ഔട്ട്‌ബ്രേക്ക് ഉണ്ടായെന്ന് പ്രഖ്യാപിക്കുക. ഇതില്‍ ഒരു സ്ഥലത്ത് ഔട്ട്‌ബ്രേക്ക് ഉണ്ടായെന്ന് പ്രഖ്യാപിക്കാന്‍ ദേശീയതലത്തിലുള്ള ഐ.സി.എം.ആര്‍. പോലുള്ള സ്ഥാപനങ്ങള്‍ക്കേ അധികാരമുള്ളൂ. അതേസമയം, നിപ രോഗം നിര്‍ണ്ണയിക്കാന്‍ നമുക്കിവിടെ സംവിധാനങ്ങളുണ്ട്. അത് പ്രാഥമികമായും നിര്‍ബന്ധമായും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളാണ്. കാരണം ആ രോഗനിര്‍ണ്ണയത്തിനനുസരിച്ചാണ് കണ്ടയെന്‍മെന്റ് പ്രോഗ്രാം, ചികിത്സ, കോണ്‍ടാക്ട് ട്രേസിങ് എന്നിവ നടത്തുന്നത്. മാത്രമല്ല, രോഗനിര്‍ണ്ണയം പ്രാദേശികമായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ആരോഗ്യം എന്നത് സ്‌റ്റേറ്റിന്റെ പരിധിയിലുള്ള കാര്യമാണല്ലോ. ജനാരോഗ്യം സംരക്ഷിക്കാനുള്ള നടപടി കൈക്കൊള്ളാനുള്ള എല്ലാ അധികാരവും സര്‍ക്കാരിനുണ്ട്.
എല്ലാ പകര്‍ച്ചവ്യാധികളുടെ ഔട്ട് ബ്രേക്കും ദേശീയതലത്തില്‍ പ്രഖ്യാപിക്കേണ്ടതില്ല. നിപ പോലുള്ള രോഗങ്ങളുടെ കാര്യത്തിലേ അതിന്റെ ആവശ്യമുള്ളൂ. ഡെങ്കി, ചിക്കന്‍ ഗുനിയ പോലുള്ള രോഗങ്ങളുടെ ഔട്ട്‌ബ്രേക്ക് സ്‌റ്റേറ്റു തന്നെയാണ് പ്രഖ്യാപിക്കാറ്. അന്താരാഷ്ട്ര വ്യാപാരം, യാത്ര, ടൂറിസം എന്നിവയെ ബാധിക്കും എന്നതു കൊണ്ടാണ് നിപയുടെ ഔട്ട്‌ബ്രേക്ക് പ്രഖ്യാപനം ദേശീയ തലത്തില്‍ ചെയ്യുന്നത്.
ഇത്തവണത്തെ ആദ്യമരണം നടന്നത് ഓഗസ്റ്റ് 30-നാണല്ലോ. കേരളത്തിന് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പദ്ധതിയും സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നിരീക്ഷണ ഉദ്യോഗസ്ഥരുണ്ടായിട്ടും എന്തു കൊണ്ടാണ് ആദ്യകേസില്‍ നിപ രോഗം തിരിച്ചറിയാതെ പോയത്?
ക്ലാസ്സിക്കല്‍ ആയ നിപയുടെ ലക്ഷണമെന്നത് എന്‍സിഫലൈറ്റിസ് ആണ്. തലച്ചോറിനുണ്ടാകുന്ന വീക്കമാണത്. മറ്റു രോഗങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഈ ലക്ഷണം. 2018-ലുണ്ടായത് നിപ ഔട്ട്‌ബ്രേക്ക് ആണെന്ന സംശയത്തിലേക്ക് നമ്മെ ആദ്യം എത്തിച്ചത് അടുത്തിടപഴകിയ കുറെ രോഗികളില്‍ കാണിച്ച എന്‍സിഫലൈറ്റിസ് ലക്ഷണമാണ്. ഒരു കുടുംബത്തിലെ മുതിര്‍ന്ന ആളുകളില്‍ എന്‍സിഫലൈറ്റിസ് ലക്ഷണങ്ങള്‍ കാണിച്ചത് നിപയെന്ന സംശയം ബലപ്പെടാനുള്ള പ്രധാന ലക്ഷണങ്ങളിലൊന്നായിരുന്നു. ഇത്തവണത്തെ രോഗിയില്‍ എന്‍സിഫലൈറ്റിസ് ലക്ഷണം ആരും പറഞ്ഞ് കണ്ടിരുന്നില്ല. പകരം ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളാണ് കാണിച്ചിരുന്നത്. കോവിഡിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണല്ലോ അത്. മാത്രവുമല്ല മഴക്കാലം, ഒരുപാടാളുകള്‍ക്ക് സമാനമായ രോഗങ്ങള്‍ എന്നിവ നിലനില്‍ക്കെ ഇതിനകത്ത് നിന്ന് നിപയാണ് രോഗം എന്ന് ഒരൊറ്റ കേസു കൊണ്ട് തിരിച്ചറിയുക എന്നത് ക്ലിനിക്കലി വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും ഒരു രോഗി വരുന്നു, അയാളുടെ സ്ഥിതി പെട്ടെന്ന് വഷളാവുന്നു, പെട്ടെന്ന് ന്യുമോണിയ വരുന്നു. പെട്ടെന്ന് മരിക്കാനുള്ള സാഹചര്യവും വരുന്നത് സംശയം ജനിപ്പിക്കും. ഇത്തവണത്തെ ആദ്യ നിപരോഗിയിൽ കരള്‍ രോഗം പോലുള്ള മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. അതും രോഗനിര്‍ണ്ണയം സങ്കീര്‍ണ്ണമാക്കി. ഡോ. അനൂപ് ആണ് ആ രോഗിയെ ചികിത്സിച്ചത്. ആ ആശുപത്രിയുടെ സിസ്റ്റത്തിനകത്ത് നിപ തിരിച്ചറിയുന്ന ഡോക്ടര്‍മാരുണ്ടായതു കൊണ്ടാണ് രണ്ടാമത്തെ കേസില്‍ തന്നെ രോഗനിര്‍ണ്ണയം സാധ്യമായത്. മാത്രവുമല്ല, ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍ ലഭ്യമായതു കൊണ്ടുകൂടിയാണല്ലോ നമ്മള്‍ ടെസ്റ്റ് ചെയ്യുന്നത്.
നിപ രോഗനിര്‍ണ്ണയത്തിലേക്ക് എത്തിക്കുന്ന ആ പ്രാഥമിക ടെസ്റ്റുകളെന്തെല്ലാമാണ്?
റാപിഡ് ടെസ്റ്റുകളുണ്ട്. ട്രൂനാറ്റ് പിസിആര്‍ ബേസ്ഡ് ടെസ്റ്റിങ് ഒക്കെയുണ്ട്. ഇത് സ്ഥിരീകരിക്കുന്ന ടെസ്റ്റുകളല്ല. പക്ഷെ, സംശയം തോന്നിയാല്‍ ആ സംശയം ബലപ്പെടുത്തണോ വേണ്ടയോ എന്ന് നോക്കാനുള്ള ടെസ്റ്റുകളാണിവ.
എന്നിരുന്നാലും ഒരു രോഗി മരിച്ച് നിപ സ്ഥിരീകരിക്കാന്‍ 10 ദിവസം വൈകിയതില്‍ നേരത്തെ പറഞ്ഞ സര്‍വെയിലന്‍സ് സിസ്റ്റത്തിന്റെ പരാജയമാണെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്. പ്രത്യേകിച്ച് നിപയില്‍ കേരളത്തെ സംബന്ധിച്ച് മുന്നനുഭവം ഉള്ള സാഹചര്യത്തില്‍?
പറയാനെളുപ്പമാണ്. നമ്മളൊരു കാര്യം ആലോചിക്കേണ്ടത് റിസോഴ്‌സ് സെന്‍ട്രിക് ആയ സമ്പ്രദായമാണ് സര്‍വൈലന്‍സ് എന്നത്. മൂന്ന് കോടി ജനങ്ങളെ റഗുലറായി മോണിട്ടര്‍ ചെയ്യുക, ഓരോ രോഗവും സംശയത്തോടെ കാണുക, മോളിക്യുലര്‍ ഡയഗ്നോസ് നടത്തുക എന്നത് പ്രായോഗികമല്ല. എല്ലാ ദിവസവും നിപ വരും എന്ന് കരുതി ധാരാളം ടെസ്റ്റുകള്‍ ചെയ്യുന്ന തരത്തില്‍ റിസോഴ്‌സ് ഇന്റന്‍സീവായ സംവിധാനത്തിലേക്ക് നമുക്ക് പോകാനാവില്ല. അത് രോഗികളെ സംബന്ധിച്ചും പണച്ചിലവുള്ള കാര്യങ്ങളാണ്. നമുക്ക് പറ്റുന്ന കാര്യം ഫോക്കല്‍ പോയിന്റുകളുണ്ടെങ്കില്‍, സംശയങ്ങള്‍ വരികയാണെങ്കില്‍, കോണ്‍ടാക്റ്റ് ഹിസ്റ്ററി ഉണ്ടാവുകയാണെങ്കില്‍ ടെസ്റ്റ് ചെയ്യുക എന്നതാണ്. കോഴിക്കോട്ടുള്ള ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്കല്‍ അവെയർനെസ് ഉള്ളതുകൊണ്ട് നമുക്കീ രീതിയില്‍ എളുപ്പം രേഗം തിരിച്ചറിയാന്‍ കഴിഞ്ഞു എന്നും വേഗത്തിലുള്ള രോഗനിര്‍ണ്ണയം ഉണ്ടായി എന്നുമാണ് ഞാന്‍ കരുതുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും മറ്റ് പല രാജ്യങ്ങളിലും ഇതേ രോഗം വന്ന് മരിക്കുന്ന എത്രയോ കേസുകളുണ്ടാവാം. എന്താണ് രോഗമെന്ന തിരിച്ചറിവില്ലാതെ ആളുകള്‍ മരിച്ചുവീഴുന്ന എത്രയോ രാജ്യങ്ങളുണ്ട്. ജനസംഖ്യ കുറവുള്ള വികസിത രാജ്യങ്ങളുമായി നമ്മുടെ പരിതസ്ഥിതികളെ താരതമ്യം ചെയ്യാന്‍ പറ്റില്ലല്ലോ.
തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യങ്ങളിലേക്ക് തിരികെ വരാം. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തെല്ലാം അധിക സേവനങ്ങളും സൗകര്യങ്ങളുമാണുള്ളത്.?
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒറ്റ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നേക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിലും അങ്ങോട്ട് മാറിയോ എന്നറിവില്ല. അവിടുത്തേതിനേക്കാള്‍ കൂടുതല്‍ എണ്ണം വൈറസുകളെ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങള്‍ തോന്നക്കലുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ ഒരേ സമയം ടെസ്റ്റ് ചെയ്യാനുള്ള സംവിധാനവും ഇവിടെയുണ്ട്. 88 വൈറസുകളെ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഇവിടെ ഉണ്ട്. അത്ര എണ്ണം വൈറസുകളെ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ഒരു ദിവസം 400 ടെസ്റ്റ് ചെയ്യാുനുള്ള സംവിധാനമുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ മാന്‍ പവര്‍ കൂട്ടുകയാണെങ്കില്‍ ആയിരത്തിലധികം ടെസ്റ്റുകള്‍ ചെയ്യാം. അവിടെ എത്രയെന്നറിയില്ല.
എന്താണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും ഉദ്ദേശ ലക്ഷ്യങ്ങളും?
88 വൈറസുകളെ കണ്ടുപിടിക്കാന്‍ കഴിയുന്നതടക്കം രോഗനിര്‍ണ്ണയം നടത്താനുള്ള ലാബ് ടെസ്റ്റുകള്‍ ഇവിടെ ചെയ്യുന്നുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. അത് മാറ്റി നിര്‍ത്തിയാല്‍ കൂടുതലും ഗവേഷണാടിസ്ഥാനത്തിലുള്ള സ്ഥാപനമാണിത്. അതിനാല്‍ തന്നെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. കപ്പാസിറ്റി, ബില്‍ഡിങ്, ഹ്യുമന്‍ റിസോഴ്‌സ് പരിശീലനം നൽകുക, നോളജ് ബേസ് ഉണ്ടാക്കുക. ഇതു കൂടാതെ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതും ലക്ഷ്യങ്ങളാണ്. ഉത്പന്നങ്ങളില്‍ വൈറസിനെതിരായ മരുന്നുകള്‍ ഉണ്ടാക്കുന്നത് ഞങ്ങളുടെ ഏറ്റവും പ്രധാന ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ചിക്കന്‍ ഗുനിയ, ഡെങ്കി വൈറസ്, സിക്ക വൈറസ്, നിപ, ജാപ്പനീസ് എന്‍സഫലൈറ്റിസ് വൈറസ്, റാബീസ് മീസില്‍ തുടങ്ങീ വൈറസുകള്‍ പരത്തുന്ന രോഗങ്ങള്‍ക്കെല്ലാം ചികിത്സ നല്‍കാന്‍ കഴിയുന്ന മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള ഗവേഷണം ആരംഭിക്കുക, അതിനുള്ള ആള്‍ബലമുണ്ടാക്കുക എന്നതെല്ലാമാണ് നടക്കുന്നത്. ലോകത്ത് മോണോ ക്ലോണല്‍ ആന്റിബോഡി പലയിടത്തും ലഭ്യമാണ്. നമ്മള്‍ നമ്മളുടേതായ തരത്തില്‍ അത് ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത്. ആന്റി വൈറലിനുള്ള പദ്ധതയും തുടങ്ങിയിട്ടുണ്ട്. പ്രധാനമായും കൊതുകുജന്യ രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമാണ് ഒരു ലക്ഷ്യം. കൂട്ടത്തില്‍ റാബീസ്, നിപ എന്നിവയും പദ്ധതിയിലുണ്ട്. കോവിഡ് വന്ന ശേഷം ന്യൂക്ലിക് ആസിഡ് വാക്‌സിന് ഇപ്പോ ഡിമാന്റുണ്ട്. ചിക്കന്‍ഗുനിയ, സിക്ക പ്രതിരോധത്തിനുള്ള ന്യൂക്ലിക് ആസിഡ് വാക്‌സിനുള്ള ഗവേഷണവും നടക്കുന്നുണ്ട്. ടെസ്റ്റ് കിറ്റുകളുടെ ആവശ്യം എപ്പോഴുമുണ്ട്. ചൈനയില്‍നിന്നും അമേരിക്കയില്‍നിന്നുമാണ് കിറ്റുകള്‍ വാങ്ങുന്നത്. അതിനു പകരം പുതിയ ടെക്‌നോളജി ഉപയോഗിച്ച് കിറ്റുകള്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനവും നടന്നു കൊണ്ടിരിക്കുകയാണ്.
പ്രവര്‍ത്തനം തുടങ്ങിയിട്ട് വെറും ഒരു വര്‍ഷമാവുന്നേ ഉള്ളൂ. സാധാരണ ഒരു മരുന്ന് ക്ലിനിക്കല്‍ ട്രയല്‍ വരെ എത്തണമെങ്കില്‍ തന്നെ 15 വര്‍ഷത്തോളം ഗവേഷണം നടത്തേണ്ടതായി വരാറുണ്ട്. ഒരു വര്‍ഷം കൊണ്ട് ലാബ് പ്രവര്‍ത്തന സജ്ജമാക്കിയതു തന്നെ ഞങ്ങളെ സംബന്ധിച്ച് വലിയ നേട്ടമാണ്.
ഇനിവരുന്ന നിപ സാമ്പിളുകള്‍ തോന്നക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്യൂട്ടിലേക്ക് അയക്കാവുന്നതല്ലേ ഉള്ളൂ?
അതെ. ഇവിടെ ചെയ്യാവുന്നതേയുള്ളൂ. എന്‍.ഐ.വിയിലേക്ക് വിടണമെന്ന എന്‍.ഐ.വിയുടെ കടുംപിടിത്തം കൊണ്ടാണ് സാമ്പിളുകള്‍ പലപ്പോഴും അങ്ങോട്ടേക്ക് പോകുന്നത്. ഔട്ട് ബ്രേക്ക് പ്രഖ്യാപിച്ച സ്ഥിതിക്ക് സാമ്പിളുകള്‍ ഇവിടെ പരിശോധിക്കാവുന്നതേയുള്ളൂ. അതിനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്. പെട്ടെന്ന് റിസള്‍ട്ട് കിട്ടും.

