വ്യാപാരികളുടെ വില്ലനാകുന്നു; അമിതാഭ് ബച്ചന്റെ വിവാദ പരസ്യത്തിനെതിരെ വ്യാപാരി സംഘടന

ഡല്‍ഹി: ഓണ്‍ലൈൻ കുത്തകയ്ക്ക് വേണ്ടി പ്രശസ്ത ചലച്ചിത്ര താരം അമിതാഭ് ബച്ചൻ അഭിനയിക്കുന്ന പരസ്യചിത്രം ഭാരതത്തിലെ ചെറുകിട വ്യാപാരികളുടെ ആത്മാഭിമാനത്തിന് ക്ഷതം ഏല്‍പ്പിക്കുന്നതാണെന്നും, അതില്‍ നിന്ന് അമിതാഭ് ബച്ചൻ പിന്മാറണമെന്നും, പ്രസ്തുത പരസ്യ ചിത്രം പിൻവലിക്കണമെന്നും കോണ്‍ഫെഡറേഷൻ ഓഫ് ഇള് ഇന്ത്യാ ട്രേഡേഴ്സ് ദേശീയ പ്രസിഡന്റ് ബിസി ഭാര്‍ട്ടിയ, ദേശീയ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍, ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് ദേശീയ പ്രവര്‍ത്തക സമിതി അംഗം പി. വെങ്കിട്ടരാമ അയ്യര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഭാരതത്തിന്റെ മുതിര്‍ന്ന നായക നടൻ രാജ്യത്തെ എട്ട് കോടിയില്‍ കൂടുതല്‍ പാവപ്പെട്ട ചെറുകിട വ്യാപാരികളുടെ വില്ലനാകുന്ന പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. അദ്ദേഹം തെറ്റു തിരുത്തണമെന്നും, അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും മുംബൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലുള്‍പ്പെടെ പ്രതിഷേധ ജ്വാലകള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. എട്ട് കോടിയിലധികം വരുന്ന ചെറുകിട വ്യാപാരികളെ ഒന്നടങ്കം അപമാനിച്ച നിലപാട് അദ്ദേഹം പരസ്യമായി തിരുത്തണമെന്നും അവര്‍ പറഞ്ഞു.

