സ്വപ്‌നങ്ങൾ ബാക്കിയാക്കി അദ്വൈത്,മരണത്തിലും ഒരുമിച്ച് ആത്മസുഹൃത്തുക്കൾ;ഉമ്മയുടെ ഫോണ്‍, രക്ഷകനായി ഹഖ്

പറവൂർ: കാർ വഴിതെറ്റി പുഴയിൽ വീണ് രണ്ടു യുവഡോക്ടർമാർ മരിക്കാനിടയായത് ഗൂഗിൾമാപ്പ് നോക്കി വാഹനം ഓടിച്ചതുകൊണ്ടാണെന്ന് കരുതുന്നു. സംഭവത്തിൽ രക്ഷപ്പെട്ടവർ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എറണാകുളത്തു നിന്നും കൊടുങ്ങല്ലൂർക്കു പോകുന്ന വാഹനങ്ങൾ സാധാരണ വരാപ്പുഴ വഴി പറവൂർ-കൊടുങ്ങല്ലൂർ ദേശീയപാതയെയാണ് ആശ്രയിക്കാറ്. ഇവിടെ പല ഭാഗത്തും റോഡ് തകർന്നുകിടക്കുന്നതിനാൽ പറവൂരിൽ നിന്നും ചേന്ദമംഗലം വടക്കുംപുറം ഗോതുരുത്ത് വഴി കുര്യാപ്പിള്ളി ലേബർ കവലയിൽ എത്തിയും പോകാറുണ്ട്.
ഞായറാഴ്ച രാത്രി അപകടത്തിൽപ്പെട്ട കാർ ഗോതുരുത്ത് കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയുടെ കടവിലാണ് മുങ്ങിത്താഴ്ന്നത്. ദേശീയപാത വഴി കുര്യാപ്പിള്ളി ലേബർ കവലയിൽ എത്തിയ ശേഷം ഇടത്തോട്ട് വൺവേ റോഡിലേക്ക് തിരിയേണ്ടതിനു പകരം വലത്തേട്ട് കുര്യാപ്പിള്ളി ഗോതുരുത്തിലേക്ക് തിരിഞ്ഞതോടെയാണ് വഴിതെറ്റിയതെന്ന് അപകടത്തിൽ രക്ഷപ്പെട്ട യുവതി പോലീസിനോട് പറഞ്ഞു. മഴയും വെളിച്ചമില്ലായ്മയും സ്ഥലപരിചയക്കുറവും വാഹനത്തിൽ ഉണ്ടായിരുന്നവരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് കരുതുന്നത്. മരിച്ച അദ്വൈതാണ് കാർ ഓടിച്ചിരുന്നത്.
അഞ്ചു പേരും അദ്വൈതിന്റെ പിറന്നാൾ ആഘോഷത്തിനു ശേഷം കൊച്ചിയിൽനിന്ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു. ഗൂഗിൾ മാപ്പ് കാണിച്ച റോഡിലൂടെ വഴി
തെറ്റി ഗോതുരുത്തിൽ എത്തിയ ഇവർ വെള്ളക്കെട്ടാണെന്ന് കരുതി പുഴയിലേക്ക് കാർ ഇറക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.
ട്രസ്സ് വർക്കിനായെത്തി രണ്ടു ദിവസമായി അപകടസ്ഥലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം കെ.കെ. അങ്ങാടി സ്വദേശി അബ്ദുൾ ഹഖാണ് സംഭവം ആദ്യം കണ്ടത്. സഹപ്രവർത്തകരായ മറ്റു മൂന്നു പേരും ഗോതുരുത്ത് പുത്രൻ ഇരുട്ടുകുത്തി ഓടിയിലെ തുഴക്കാരായ കേരള പോലീസ് ടീമിൽപ്പെട്ടവരും എക്‌സൈസും നാട്ടുകാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പുഴ നിറയെ വെള്ളവും ശക്തിയായ ഒഴുക്കും ഉണ്ടായിരുന്നു. പുഴയിൽ വീണ കാറിൽ നിന്ന് ഡോ. ഹാസിഖും ജിസ്‌മോനും നീന്തി കരയോട് അടുത്ത് എത്തിയിരുന്നു. അവരെയും ഒഴുക്കിൽപെട്ട തമന്നയെയും അബ്ദുൾ ഹഖ് നീന്തിച്ചെന്ന് വടംകെട്ടി കരയിൽ എത്തിക്കുകയായിരുന്നു.
മുങ്ങിപ്പോയ കാർ പറവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമും നാട്ടുകാരും ചേർന്ന് രാത്രി ഒന്നര മണിയോടെ കരയ്‌ക്കെത്തിച്ചു. പുലർച്ചെ മൂന്നരയോടെയാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
മതിലകം പാപ്പനിവട്ടം സഹകരണ ബാങ്ക് അസിസ്റ്റന്റ് മാനേജർ ഒഫൂറിന്റെയും മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ഹഫ്‌സയുടെയും മകനാണ് ഡോ. അജ്മൽ. സഹോദരങ്ങൾ: ഡോ. അജ്മി, അൽഫാസ്. റിട്ട. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജി. മംഗളഭാനുവിന്റെയും വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ സുപ്രിയയുടെയും ഏക മകനാണ് ഡോ. അദ്വൈത്. സംസ്‌കാരം തിങ്കളാഴ്ച ഒരുമണിക്ക് ചവറ അറയ്ക്കൽ ക്ഷേത്രത്തിനു സമീപം തറവാട്ടു വളപ്പിൽ.
ഉമ്മ വിളിച്ചപ്പോൾ മുറിക്ക് പുറത്തിറങ്ങി: രക്ഷകനായി അബ്ദുൾ ഹഖ്
പറവൂർ: ഗോതുരുത്ത് പുഴയിൽ രാത്രി കാർ മുങ്ങിയുണ്ടായ അപകടത്തിന് ആദ്യ ദൃക്‌സാക്ഷിയായത് മലപ്പുറം കെ.കെ. അങ്ങാടി തൂമ്പത്ത് വീട്ടിൽ അബ്ദുൾ ഹഖ് എന്ന പത്തൊൻപതുകാരൻ. കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും വിളിച്ചിറക്കി ഈ യുവാവാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ട്രസ്സ് വർക്കുമായി ബന്ധപ്പെട്ടാണ് രണ്ടു ദിവസം മുൻപ് ഇവർ ഗോതുരുത്തിൽ എത്തിയത്. കടവിനോടു ചേർന്ന് വാടകമുറിയിലാണ് രണ്ടു ദിവസമായി ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി 12.30-ഓടെ വീട്ടിൽനിന്ന് ഉമ്മയുടെ ഫോൺ വന്നപ്പോഴാണ് അബ്ദുൾ ഹഖ് മുറിക്ക് പുറത്തിറങ്ങുന്നത്. ഫോണിൽ സംസാരിച്ചു നിൽക്കവേ പാഞ്ഞുവന്ന കാർ പുഴയിലേക്ക് പതിക്കുന്നത് കണ്ടു. രക്ഷിക്കണേ എന്ന നിലവിളിയും കേട്ടു. ഉടനെ മുറിയിലുണ്ടായിരുന്ന ഷംനാദ്, സുരേഷ്, സൽമാൻ എന്നിവരുമായി പുഴയരികിലേക്ക് ഓടിയെത്തുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സുരേഷ്, അബ്ദുൾ ഹഖ്, ഷംനാദ്, സൽമാൻ
കാറിലുണ്ടായിരുന്ന രണ്ടുപേർ കരയിലേക്ക് നീന്തി വരുന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും ഒരാൾ കുഴഞ്ഞ അവസ്ഥയിലായി. ഇവരെ കരയ്ക്കു കയറ്റിയ ശേഷം കയർ സംഘടിപ്പിച്ച് അരയിൽ കെട്ടി, പുഴയിൽ മുങ്ങിയും പൊങ്ങിയും നിന്ന യുവതിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
അപ്പോഴേയ്ക്കും സമീപത്ത് ചാത്തേടം ജലോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ഗോതുരുത്ത് പുത്രൻ ഓടിവള്ളത്തിലെ തുഴക്കാരായ മുപ്പത്തിയേഴോളം കേരള പോലീസ് ടീമംഗങ്ങളും നാട്ടുകാരും ഫയർഫോഴ്‌സും പോലീസും എത്തിയിരുന്നു. അവരോടൊപ്പം ആദ്യാവസാനം വരെ ഈ നാലു പേരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഉസ്മാൻ, ഷക്കീല ദമ്പതിമാരുടെ മകനാണ് അബ്ദുൾ ഹഖ്. പാരിഷ് ഹാളിലായിരുന്നു കേരള പോലീസ് ടീം തുഴച്ചിൽകാർ താമസിച്ചിരുന്നത്.
ഗോതുരുത്ത് പുഴയിൽ കാർ മറിഞ്ഞ് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനം രക്ഷാപ്രവർത്തകർ വടം കെട്ടി കരയ്ക്ക് കയറ്റാനുള്ള ശ്രമം
സ്വപ്‌നങ്ങൾ ബാക്കിയാക്കി അദ്വൈത് യാത്രയായി
കൊല്ലം: മകനെ ഡോക്ടറാക്കുക എന്നത് മംഗളഭാനുവിന്റെ സ്വപ്നമായിരുന്നു. മകൻ അദ്വൈതും കുടുംബത്തിന്റെ സ്വപ്നങ്ങൾ തന്റേതാക്കി, പഠിച്ചു ഡോക്ടറായി. ഉപരിപഠനത്തിലൂടെ ഇനിയും മികച്ച ഡോക്ടറാകുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടെ അപകടം ആ ജീവിതം കവർന്നപ്പോൾ കുടുംബം മാത്രമല്ല, ബോധി നഗറും സങ്കടത്തിലായി. പാലത്തറ ബോധി നഗർ-254, തുണ്ടിൽവീട്ടിൽ കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്നു വിരമിച്ച പ്രിൻസിപ്പൽ ജി.മംഗളഭാനുവിനും കൊറ്റൻകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ക്ളാർക്കായിരുന്ന കെ.സുപ്രിയയ്ക്കും ഏകമകനെയാണ് നഷ്ടപ്പെട്ടത്. എറണാകുളം ഗോതുരുത്ത് കടവാൽതുരുത്തിൽ കാർ വെള്ളത്തിൽവീണായിരുന്നു അപകടം.
മകനെക്കുറിച്ചും ഉപരിപഠനത്തിനു പോകുന്നതിനെപ്പറ്റിയും മംഗളഭാനു പ്രതീക്ഷകൾ പങ്കുവെക്കുമായിരുന്നെന്ന് ബോധി നഗർ അസോസിയേഷൻ ജോയന്റ് സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. പാലത്തറയിൽ എൻ.എസ്. സഹകരണ ആശുപത്രിയിൽ അദ്വൈത് ഒരുവർഷം ഡോക്ടറായി ജോലിചെയ്തിരുന്നു. പിന്നീടാണ് കൊടുങ്ങല്ലൂരിലേക്ക് മാറിയത്.
പാലക്കാട് കരുണ മെഡിക്കൽ കോളേജിൽ 2014-15 ബാച്ചിലാണ് എം.ബി.ബി.എസ്. പഠനം. ബിരുദാനന്തരബിരുദ പഠനത്തിന് യു.കെ.യിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അദ്വൈതിന്റെ യു.കെ.യിലുള്ള ബന്ധുവഴി കാര്യങ്ങളെല്ലാം ശരിയാക്കവേയാണ് ഈ ദുരന്തം.
തിങ്കളാഴ്ച രാവിലെ ഏഴുമുതൽ 11 വരെ പാലത്തറ തുണ്ടിൽവീട്ടിൽ പൊതുദർശനം. ശേഷം അമ്മയുടെ കുടുംബവീടായ പത്തിശ്ശേരി വളപ്പിൽ ഉച്ചയ്ക്ക് ഒന്നിന് സംസ്കാരം നടക്കും.
മരണത്തിലും ഒരുമിച്ച് ആത്മസുഹൃത്തുക്കൾ
കൊടുങ്ങല്ലൂർ: ഇഴപിരിയാത്ത സുഹൃദ്ബന്ധം മരണത്തിലും കാത്ത് സൂക്ഷിച്ച് യുവ ഡോക്ടർമാർ യാത്രയായി. സഹപ്രവർത്തകർക്കും മറ്റ് സ്‌നേഹിതർക്കും തീരാവേദനയായി, ഇരുവരുടേയും വിടവാങ്ങൽ. എറണാകുളം ജില്ലയിലെ ഗോതുരുത്ത് കടൽവാതുരുത്തിൽ പെരിയാറിന്റെ കൈവഴിയിൽ കാർ പുഴയിൽവീണ് ഞായറാഴ്ച പുലർച്ചെയാണ് കൊടുങ്ങല്ലൂർ എ.ആർ. മെഡിക്കൽ സെന്ററിലെ ഡോക്ടർമാരായ അജ്മൽ ആസിഫും അദ്വൈതും മരിച്ചത്. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു.
പാലക്കാട് കരുണ മെഡിക്കൽ കോളേജിൽ വിദ്യാർഥികളായിരിക്കെ തുടങ്ങിയതാണ് ഇവരുടെ സൗഹൃദം. 2022-ൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ അജ്മൽ രണ്ടു മാസം മുമ്പാണ് എ.ആർ. മെഡിക്കൽ സെന്ററിൽ എമർജൻസി വിഭാഗത്തിൽ ജോലിക്ക് കയറുന്നത്. തുടർന്ന് അജ്മലാണ് അദ്വൈതിന് ഇവിടെ ജോലി ശരിയാക്കിയത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചാണ് അദ്വൈത് ഇവിടെ ജോലിക്ക് കയറിയത്. അദ്വൈത് ആശുപത്രിയിൽ നൽകിയിട്ടുള്ള ഫോൺ നമ്പറും മറ്റും അജ്മലിന്റെതായിരുന്നു. ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്കുപോകുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു ഇരുവരും. എ.ആർ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ച അജ്മലിന്റെ മൃതദേഹം രാവിലെ 10-ഓടെ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അദ്വൈതിന്റെ മൃതദേഹം ബന്ധുക്കളെത്തി വൈകീട്ടോടെ കൊല്ലത്തേയ്ക്ക് കൊണ്ടുപോയി.
അദ്വൈതിന്റെ ജന്മദിനമാഘോഷിക്കാൻ ശനിയാഴ്ച വൈകീട്ട് എറണാകുളത്ത് പോയി തിരിച്ചുവരുമ്പോഴാണ് ഇവരുടെ കാർ വഴിയറിയാതെ പുഴയിൽ വീണത്. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ അജ്മലിന്റെ സ്‌നേഹിതയും നാലാംവർഷ മെഡിക്കൽ വിദ്യാർഥിയുമായ കോഴിക്കോട് സ്വദേശി തമന്നയും മറ്റ് സുഹൃത്തുക്കളായ എ.ആർ. മെഡിക്കൽ സെന്ററിലെ കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. ഗാസിൽ, നഴ്‌സായ കോട്ടയം സ്വദേശി ജിസ്‌മോൻ എന്നിവരും കാറിലുണ്ടായിരുന്നു.
മുൻപും അപകടം, ഞായറാഴ്ചതന്നെ സുരക്ഷാവേലി തീർത്തു
പറവൂർ: ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഗോതുരുത്ത് പി.ഡബ്ല്യു.ഡി. റോഡിന്റെ പടിഞ്ഞാറെ അറ്റം വലതുവശം തിരിഞ്ഞെത്തുന്നത് പുഴയിലേക്കാണ്. ഇടതുവശം തിരിഞ്ഞാൽ പാലം കടന്ന് ലേബർ കവലയിൽ ദേശീയപാതയിൽ എത്താം. കാർ പുഴയിൽ മറിഞ്ഞ് രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത് പുഴയോട് ചേർന്ന് റോഡ് അവസാനിക്കുന്ന സ്ഥലത്താണ്. ഇവിടെയാകട്ടെ തീരം ഇടിഞ്ഞുകിടക്കുന്നതിനാൽ ദിശ തെറ്റി വരുന്ന വാഹനങ്ങൾ എപ്പോൾ വേണമെങ്കിലും അപകടത്തിൽപ്പെടാം. മുൻപിവിടെ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ടുപേരുടെ മരണം സംഭവിച്ചതോടെ ഞായറാഴ്ച അധികൃതർ തിടുക്കത്തിൽ റോഡ് അടച്ചുകെട്ടി.

പുഴയ്ക്ക് തൊട്ടരികെ പി.ഡബ്ല്യു.ഡി. റോഡ്‌സ് വലിയ ബോർഡ് റോഡിന്റെ നീളം രേഖപ്പെടുത്തി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകട മുന്നറിയിപ്പില്ല. ദേശീയപാത 66-ൽ പറവൂർ-മൂത്തകുന്നം റോഡിലെ ഗതാഗതക്കുരുക്കും റോഡിന്റെ ദുരവസ്ഥയുംമൂലം ഒട്ടേറെ വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. റോഡ് പുഴയോടു ചേരുന്ന ഭാഗത്ത് മുൻപ് ഗോതുരുത്ത് വള്ളംകളി നടക്കുന്ന ഫിനിഷിങ് പോയിന്റ് കൂടിയാണിത്. അപകടത്തെ തുടർന്ന് ജനരോഷം ഉയർന്നതോടെയാണ് അധികൃതർ നടപടി എടുത്തത്. അപകട സ്ഥലത്ത് എത്തിയ ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാറും പഞ്ചായത്ത് അധികൃതരും കർശന നിർദേശം നൽകിയതിനെ തുടർന്നാണ് റോഡ് പുഴയോടു ചേരുന്ന ഭാഗം കമ്പിവേലി കെട്ടി തിരിച്ചത്.

