KSDLIVENEWS

Real news for everyone

തദ്ദേശസ്ഥാപനങ്ങൾ അപേക്ഷിച്ചാൽ 30 ദിവസത്തിനകം ഗ്രാമവണ്ടി അനുവദിക്കുമെന്ന് ഗതാഗത മന്ത്രി

SHARE THIS ON

കുമ്പള: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അപേക്ഷ നൽകിയാൽ 30 ദിവസത്തിനകം ഗ്രാമവണ്ടി അനുവദിക്കുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു. കുമ്പള പഞ്ചായത്തിലെ ബംബ്രാണയിൽ ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.


രാജ്യത്തിനു മാതൃകയാകുന്ന പദ്ധതിയാണിത്. കെ.എസ്.ആർ.ടി.സി. ബസുകൾ ഇതുവരെയായി എത്താത്ത ഗ്രാമ-ഗ്രാമാന്തരങ്ങളിൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗ്രാമവണ്ടിയെ പ്രോത്സാഹിപ്പിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. പഞ്ചായത്തിലെ വിവിധ മേഖലകളിലെ യാത്രാപ്രശ്നത്തിനു പരിഹാരമാകും ഗ്രാമവണ്ടി. ഈ ആശയം മറ്റു ഗ്രാമപ്പഞ്ചായത്തുകൾക്കും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കും ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. എ.കെ.എം. അഷ്റഫ് എം.എൽ.എ. അധ്യക്ഷനായി.

2023-2024 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ പദ്ധതിയ്ക്കായി കുമ്പള പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ ശമ്പളവും ഇന്ധനചെലവും അറ്റകുറ്റപ്പണിയും കെ.എസ്.ആർ.ടി.സി. വഹിക്കും. ടിക്കറ്റ് തുക കെ.എസ്.ആർ.ടി.സി.ക്കാണ്. പി.കെ. നഗർ, ഉളുവാർ, പാമ്പാട്ടി, കുമ്പള സാമൂഹികാരോഗ്യകേന്ദ്രം, ഐ.ച്ച്.ആർ.ഡി. കോളേജ്, പേരാൽ, മൊഗ്രാൽ സ്കൂൾ, മുളിയടുക്ക എന്നീ റൂട്ടുകളിൽ സർവീസ് നടത്തും.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എ. സൈമ, ഷമീന, പഞ്ചായത്ത്‌ പ്രസിഡന്റ് യു.പി. താഹിറ യൂസഫ്, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഷ്‌റഫ് കർള, പ്രേമ ഷെട്ടി, സീനത്ത് നസീർ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

എം.എൽ.എ.യുടെ വാക്കിന്‌ മന്ത്രിയുടെ വിശദീകരണം

അന്തസ്സംസ്ഥാനപാതയിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ എണ്ണത്തെ താരതമ്യം ചെയ്ത എ.കെ.എം. അഷ്റഫ് എം.എൽ.എ.യുടെ വാക്കുകൾക്ക് വിശദീകരണം നൽകി. മംഗളൂരുവിൽനിന്ന് കാസർകോട്ടേക്ക് കർണാടക 40 ബസുകൾ ഓടിക്കുമ്പോൾ കേരളം മംഗളൂരുവിലേക്ക് 28 ബസുകൾ മാത്രമാണ് ഓടിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽ എം.എൽ.എ. പറഞ്ഞു. ബസുകളുടെ എണ്ണത്തിലെ കുറവ് സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അത് തിരുത്തി. സംസ്ഥാനങ്ങൾ തമ്മിലെ ധാരണയനുസരിച്ച് ബസുകൾ ഓടിക്കുമ്പോൾ മാനദണ്ഡമാകുന്നത് എണ്ണമല്ല, മറിച്ച് കിലോമീറ്ററാണെന്നായിരുന്നു മന്ത്രിയുടെ പക്ഷം. കർണാടക ബസുകൾ 1,000 കിലോമീറ്റർ ഓടുമ്പോൾ കേരള ബസുകളും അതേദൂരം ഓടുകയെന്നതാണ് രീതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!