KSDLIVENEWS

Real news for everyone

ഗാസയ്ക്കുമേൽ തീമഴ; നിർത്താതെ ബോംബുവർഷിച്ച് ഇസ്രയേൽ പോർവിമാനങ്ങൾ

SHARE THIS ON

ജറുസലേം: സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചതിനുപിന്നാലെ ഗാസയെ തകർത്തെറിഞ്ഞ് ഇസ്രയേൽ പോർവിമാനങ്ങളുടെ ബോംബുവർഷം. ഹമാസിന്റെ ഭരണകേന്ദ്രങ്ങളടക്കമുള്ള താവളങ്ങൾക്കുനേരെ ചൊവ്വാഴ്ച ഇസ്രയേൽ ആക്രമണമുണ്ടായി. കരയുദ്ധത്തിലേക്കെന്ന സൂചനനൽകി ഇസ്രയേൽ കരുതൽസേനയിലെ മൂന്നുലക്ഷം അംഗങ്ങളെ ഗാസയിൽ വിന്യസിച്ചു. ആക്രമണം തുടരുകയാണെങ്കിൽ തങ്ങൾ ബന്ദികളാക്കിയ ഇസ്രയേലികളെ ഒന്നൊന്നായി വധിക്കുമെന്നും യുദ്ധം അവസാനിക്കുന്നതുവരെ അക്കാര്യത്തിൽ ചർച്ചയുണ്ടാകില്ലെന്നും ഹമാസ് അറിയിച്ചു. ഇസ്രയേലിലേക്ക് 4500-ലധികം റോക്കറ്റുകൾ ഹമാസും തൊടുത്തു. നാലുദിവസംമുമ്പ് തുടങ്ങിയ യുദ്ധത്തിൽ ഇരുഭാഗത്തുമായി മരണസംഖ്യ 1600 കടന്നു. ഇസ്രയേലിൽ മരണം 900 കവിഞ്ഞതായി പ്രതിരോധസേന (ഐ.ഡി.എഫ്.) അറിയിച്ചു. ഗാസയിൽ മരണം 700 ആയെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ അതിർത്തിയിൽ തങ്ങളുടെ ഭൂഭാഗത്തുനിന്ന് 1500 ഹമാസ് അംഗങ്ങളുടെ മൃതദേഹം കണ്ടെടുത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിന് തലമുറകളിലേക്ക് നീളുന്നത്ര വലിയ തിരിച്ചടിനൽകുമെന്ന് പറഞ്ഞു. “യുദ്ധം തുടങ്ങിവെച്ചത് അവരാണ്. പക്ഷേ, അവസാനിപ്പിക്കുക ഞങ്ങളായിരിക്കും.” -നെതന്യാഹു മുന്നറിയിപ്പുനൽകി. ഹമാസ് ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി ഖത്തറിന്റെ മധ്യസ്ഥതയിൽ തുടങ്ങിയ പിൻവാതിൽ ചർച്ചകൾ പാളി. ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ബന്ദികളെ വധിക്കുമെന്നും അത് തത്സമയം സംപ്രേഷണം ചെയ്യുമെന്നും ഹമാസ് അറിയിച്ചു. 150-ഓളംവരുന്ന സൈനികരെയും പൗരരെയുമാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഇസ്രയേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചതോടെ 23 ലക്ഷംവരുന്ന ഗാസയിലെ ജനങ്ങൾ അരക്ഷിതാവസ്ഥയിലായി. കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, അവശ്യമരുന്നുകൾ എന്നിവയ്ക്ക് ക്ഷാമം നേരിടുകയാണ്. ഗാസയിലേക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിന് മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്ന് ലോകാരോഗ്യസംഘടനയും പലസ്തീൻ ഭരണകൂടവും ആവശ്യപ്പെട്ടു. ശനിയാഴ്ച ഹമാസ് തകർത്ത ഗാസ അതിർത്തിയിലെ 40 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള അതിസുരക്ഷാവേലി പുനഃസ്ഥാപിച്ചതായി ഇസ്രയേൽ അറിയിച്ചു. ആയിരത്തിലധികം ഹമാസുകാർ നുഴഞ്ഞുകയറിയ മധ്യ-തെക്കൻ ഇസ്രയേലിന്റെയും ഗാസ അതിർത്തിയുടെയും നിയന്ത്രണം പൂർണമായും തിരിച്ചുപിടിച്ചെന്നും പറഞ്ഞു. ഗാസയിലെ നഗരങ്ങളിൽനിന്ന് ആയിരക്കണക്കിന് ഇസ്രയേലുകാരെയാണ് മൂന്നുദിവസംകൊണ്ട് ഇസ്രയേൽ സൈന്യം ഒഴിപ്പിച്ചത്. അതിർത്തിയിൽ ഡ്രോണുകളും യുദ്ധടാങ്കുകളും വിന്യസിക്കുകയും ചെയ്തു. ശനിയാഴ്ചത്തെ അപ്രതീക്ഷിത ആക്രമണത്തിനുശേഷം ഒരു ഹമാസ് അംഗംപോലും ഇസ്രയേലിലേക്ക് കടന്നിട്ടില്ലെന്നാണ്‌ സൈനികവക്താവ് റിച്ചാർഡ് ഹെഷ്ട് പ്രതികരിച്ചത്. അതിനിടെ അഷ്കെലോൺ നഗരത്തിൽനിന്ന് ഇസ്രയേലുകാർ ഉടൻ പിന്മാറണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. 2014-ലാണ് ഗാസ അതിർത്തിയിൽ അവസാനമായി കരയുദ്ധമുണ്ടായത്. ഇതിനകം 1.875 ലക്ഷം ജനങ്ങൾ ഗാസയിൽനിന്ന് പലായനം ചെയ്തെന്ന് യു.എൻ. അറിയിച്ചു. ഹമാസ് ആക്രമണത്തിനുപിന്നാലെ പലസ്തീനുള്ള സാമ്പത്തികസഹായം നിർത്തിയ യൂറോപ്യൻ യൂണിയൻ നടപടിയെ സ്പെയിനും ഫ്രാൻസും അപലപിച്ചു. പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ അന്താരാഷ്ട്രവിമാനക്കമ്പനികൾ ഇസ്രയേലിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ചു. ശനിയാഴ്ച രാവില ആറരയോടെയാണ് കര, കടൽ, ആകാശമാർഗം ഹമാസ് അംഗങ്ങൾ ഇസ്രയേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേൽ ഭരണകൂടം യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!