സമാധാനം അകലെ, കരയുദ്ധം അരികെ; ഗാസയിൽ 11 ലക്ഷം പേരോട് ഒഴിയാൻ ഇസ്രയേലിന്റെ അന്ത്യശാസനം

ജറുസലേം: കരയുദ്ധത്തിലേക്കെന്ന സൂചനനൽകി വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം. ഐക്യരാഷ്ട്രസഭയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണമേഖലയിലേക്കും റാഫ അതിർത്തിപ്രദേശങ്ങളിലേക്കും മാറാനാണ് വടക്കൻ ഗാസ നിവാസികൾക്കും യു.എൻ. ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ച നൽകിയ മുന്നറിയിപ്പ്. ഇത് ഇസ്രയേലിന്റെ ഉപരോധത്താൽ വലയുന്ന ഗാസനിവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഗാസസിറ്റിയിലെ ജനവാസമേഖലകളിൽ ഹമാസ് അംഗങ്ങൾ പതിയിരിക്കുന്നതിനാലാണ് ഉത്തരവെന്നാണ് വിശദീകരണം. സ്കൂളുകളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവരും ഒഴിയണം. ജനങ്ങൾക്ക് അപകടകരമല്ലാത്ത രീതിയിലാണ് ഹമാസിനെതിരേയുള്ള നീക്കം ആവിഷ്കരിക്കുന്നതെന്ന് ഇസ്രയേലി സൈനികവക്താവ് ജൊനാഥൻ കോർണിക്കസ് അവകാശപ്പെട്ടു. മൂന്നരലക്ഷത്തിലധികംവരുന്ന കരുതൽസേനയെ കഴിഞ്ഞദിവസങ്ങളിലായി ഗാസയിൽ ഇസ്രയേൽ വിന്യസിച്ചിരുന്നു. ഉത്തരവിനെത്തുടർന്ന് ഗാസയിൽനിന്ന് ജനങ്ങൾ കൂട്ടപ്പലായനം ആരംഭിച്ചാൽ അത് വലിയ മാനുഷികദുരന്തമുണ്ടാക്കുമെന്ന് യു.എൻ. വക്താവ് സ്റ്റെഫാൻ ദുജാറിക് മുന്നറിയിപ്പുനൽകി. ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. വ്യോമാക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റനിലയിലാണ് ഗാസയിലെ വലിയൊരു വിഭാഗം. 24 മണിക്കൂറിനുള്ളിൽ പരിക്കേറ്റവരും കുട്ടികളുമുൾപ്പെടെ 11 ലക്ഷം പേരെ ഇവിടെനിന്ന് ഒഴിപ്പിക്കുക അചിന്ത്യമാണെന്നും യു.എൻ. അറിയിച്ചു. 23 ലക്ഷമാണ് ഗാസയിലെ ജനസംഖ്യ. ഇതിൽ പാതിയിലധികവും താമസിക്കുന്നത് വടക്കൻമേഖലയിലാണ്. ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് തെക്കൻ പ്രദേശത്തേക്ക് മാറാൻ നിർദേശിക്കുന്നതെന്നും തങ്ങളെ മനുഷ്യകവചമാക്കുന്ന ഹമാസിൽനിന്ന് അകലം പാലിക്കണമെന്നും ഗാസനിവാസികളോട് ഇസ്രയേൽ പ്രതിരോധസേന (ഐ.ഡി.എഫ്.) ആവശ്യപ്പെട്ടു. 40 കിലോമീറ്റർ ദൈർഘ്യമാണ് തെക്കൻ തീരമേഖലയ്ക്കുള്ളത്. അതേസമയം, ഏഴുദിവസമായി തുടരുന്ന യുദ്ധത്തിൽ ഇരുഭാഗത്തുമായി ഇതുവരെ 2800 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വിദേശപൗരരുൾപ്പെടെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. ഇക്കാര്യത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. സമ്പൂർണ ഉപരോധം മൂന്നുദിവസം പിന്നിട്ടതോടെ ഗാസയിൽ വൈദ്യുതി, കുടിവെള്ളം, ഭക്ഷണം, അവശ്യമരുന്നുകൾ എന്നിവയുടെ ക്ഷാമം രൂക്ഷമായി. സ്വയം ജീവിക്കണോ വേണ്ടയോ എന്ന ചോദ്യംമാത്രമാണ് ഗാസാജനതയുടെ മുന്നിൽ അവശേഷിക്കുന്നതെന്ന് പലസ്തീൻ റെഡ് ക്രെസന്റ് വക്താവ് നെബേൽ ഫർസാഖ് പറഞ്ഞു. ഇതിനിടെ ഗാസയിലെ ജനങ്ങൾക്കായി കിഴക്കൻ ജറുസലേമിലും വെസ്റ്റ്ബാങ്കിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും കൂട്ടപ്രാർഥന നടന്നു. അതേസമയം, ജനങ്ങളോട് വീടുകളിൽത്തന്നെ തുടരണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. അധിനിവേശമുന്നറിയിപ്പ് നൽകി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇസ്രയേലിന്റെ ശ്രമം. തങ്ങളുടെ മനോവീര്യം തകർക്കാനുള്ള ഇസ്രയേലിന്റെ മനശ്ശാസ്ത്രപരമായ യുദ്ധതന്ത്രത്തിൽ വീഴരുതെന്നും ഹമാസ് വക്താവ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽനിന്ന് ഇതുവരെ 4.2 ലക്ഷം പേർ പലായനം ചെയ്തെന്നാണ് യു.എന്നിന്റെ കണക്ക്. ജനസാന്ദ്രതയേറിയ പ്രദേശത്ത് കരയുദ്ധം ആരംഭിച്ചാൽ ഇരുഭാഗത്തും ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ

