KSDLIVENEWS

Real news for everyone

ഇസ്രയേലുമായുള്ള വ്യാപാരം മുസ്‌ലിം രാജ്യങ്ങൾ നിർത്തണം, എണ്ണ നൽകരുത് -ഇറാൻ

SHARE THIS ON


ടെഹ്റാൻ: എണ്ണക്കയറ്റുമതിയുൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ വ്യാപാരവും നിർത്തിവെക്കാൻ ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമീനി ബുധനാഴ്ച മുസ്‌ലിം രാജ്യങ്ങളോട് അഭ്യർഥിച്ചു. ഹമാസിനെ ഇല്ലായ്മചെയ്യാനെന്നു പറഞ്ഞ് ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് അഭ്യർഥന. അതിനിടെ ഇസ്രയേലിലെ സ്ഥാനപതിയെ ജോർദാൻ തിരിച്ചുവിളിച്ചു.

“കുറ്റകൃത്യങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇസ്‌ലാമിക സർക്കാരുകൾ ശാഠ്യംപിടിക്കണം. മുസ്‌ലിം രാജ്യങ്ങൾ സയണിസ്റ്റ് ഭരണകൂടത്തോട് (ഇസ്രയേൽ) സാമ്പത്തികമായി സഹകരിക്കരുത്. എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി തടയണം” -ടെഹ്റാനിലെ വിദ്യാർഥിസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പലസ്തീനെതിരേ നിലകൊള്ളുന്ന പാശ്ചാത്യസർക്കാരുകളെയും ഖമീനി വിമർശിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, യു.എസ്. എന്നിവയുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം. “ഗാസയിലെ ജനങ്ങളെ സമ്മർദത്തിലാക്കുന്നവർ ആരെന്നത് മുസ്‌ലിം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല” -അദ്ദേഹം പറഞ്ഞു.

ഇസ്രയേലിനെ സഹായിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങൾ മുസ്‌ലിങ്ങളെ ദേഷ്യപ്പെടുത്താതിരിക്കാൻ സൂക്ഷിക്കണമെന്ന് ഇറാൻ പ്രതിരോധമന്ത്രി മുഹമ്മദ് റേസയും പറഞ്ഞു.

ഹമാസിനെ സാമ്പത്തികമായും സൈനികമായും പിന്തുണയ്ക്കുന്ന രാജ്യമാണ് ഇറാൻ. ഒക്ടോബർ ഏഴിലെ ഇസ്രയേൽ ആക്രമണത്തെ ‘വിജയം’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. എന്നാൽ, അതിൽ പങ്കില്ലെന്നാണ് ഇറാന്റെ നിലപാട്.

ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ബുധനാഴ്ചവരെ 8796 പലസ്തീൻകാർ മരിച്ചു. ഇതിൽ 3648 പേർ കുട്ടികളും 2290 പേർ സ്ത്രീകളുമാണ്.

സ്ഥാനപതിമാരെ തിരിച്ചുവിളിച്ച് തെക്കെ അമേരിക്കൻ രാജ്യങ്ങൾ

ലണ്ടൻ: ഗാസയിൽ യുദ്ധം നടത്തുന്ന ഇസ്രയേലിനോടുള്ള പ്രതിഷേധമായി ചിലി, കൊളംബിയ എന്നീ തെക്കെ അമേരിക്കൻ രാജ്യങ്ങൾ സ്ഥാനപതിമാരെ തിരിച്ചുവിളിച്ചു. ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗാസയിൽ തുടർച്ചയായി ബോംബാക്രമണം നടത്തുന്ന ഇസ്രയേലിനെ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ വിമർശിച്ചു. ഈ രാജ്യങ്ങളിലെല്ലാം ഇടതുപക്ഷമാണ് അധികാരത്തിൽ.

2009-ൽ ഇസ്രയേൽ ഗാസയിൽ അധിനിവേശം നടത്തിയപ്പോഴും ബൊളീവിയ നയതന്ത്രബന്ധം മുറിച്ചിരുന്നു. 2020-ൽ വലതുപക്ഷം അധികാരത്തിലിരുന്നപ്പോഴാണ് അതു പുനഃസ്ഥാപിച്ചത്.

പരിക്കേറ്റവർക്കും വിദേശികൾക്കുമായി റാഫ അതിർത്തി തുറന്നു

കയ്‌റോ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ഗാസക്കാരെ ഒഴിപ്പിക്കാൻ ഈജിപ്ത് ബുധനാഴ്ച റാഫ അതിർത്തി താത്കാലികമായി തുറന്നു. പിന്നാലെ, പരിക്കേറ്റവരെയുംകൊണ്ടുള്ള ആദ്യ ആംബുലൻസ് ഈജിപ്തിലെത്തി. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയശേഷം അതിർത്തിവഴി ആളെകടത്തിവിടുന്നത് ആദ്യമാണ്.

പരിക്കേറ്റ 76 പേരെ ഇൗജിപ്തിലെത്തിച്ചെന്നാണ് വിവരം. നാല്പതിലധികം ആംബുലൻസുകൾ റാഫ അതിർത്തി കടന്നെന്ന് എ.എഫ്.പി. റിപ്പോർട്ടു ചെയ്തു. ഒന്നിൽ രണ്ടുരോഗികൾ വീതമാണുള്ളത്.

റാഫ അതിർത്തിയിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള ശൈഖ് സുവെയ്ദിലെ താത്കാലിക ആശുപത്രി, 30 കിലോമീറ്റർ അകലെയുള്ള എൽ അരിഷ് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് രോഗികളെ എത്തിക്കുന്നത്. തീവ്രപരിചരണം ആവശ്യമുള്ളവരെ കയ്‌റോയിലേക്ക് കൊണ്ടുപോകും. ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്ത്, ഇസ്രയേൽ, ഹമാസ് എന്നിവ തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് അതിർത്തി തുറന്നത്. ഈ ശ്രമങ്ങളെ യു.എസ്. എകോപിപ്പിച്ചു.

പരിക്കേറ്റവരെ ഒഴിപ്പിച്ചതിനുപിന്നാലെ വിദേശപൗരരെയും ഒഴിപ്പിക്കാനാരംഭിച്ചു. വിദേശപാസ്പോർട്ടുള്ള 320 പേർ റാഫ വഴി ഈജിപ്തിലേക്ക് കടന്നു. 44 രാജ്യങ്ങളിലെ പൗരരാണ് ഗാസയിലുള്ളത്. യു.എന്നടക്കമുള്ള 28 ഏജൻസികളുടെ പ്രതിനിധികളുമുണ്ട്. ഗുരുതരമായി പരിക്കേറ്റ 90 പേരെയും 545 വിദേശികളെയും ബുധനാഴ്ച റാഫ അതിർത്തി വഴി കടത്തിവിടാമെന്നാണ് ഈജിപ്ത് സമ്മതിച്ചത്. ഇതിനിടെ, ചൊവ്വാഴ്ച രാത്രി ഇസ്രയേൽ നടത്തിയ മണിക്കൂറുകൾ നീണ്ട വ്യോമാക്രമണത്തിനുപിന്നാലെ ഗാസയിലുടനീളം മുടങ്ങിയ വാർത്താവിനിമയസംവിധാനങ്ങൾ പുനഃസ്ഥാപിച്ചുതുടങ്ങി.

90 പേരെ ഈജിപ്തിലെ ആശുപത്രികളിലേക്ക് മാറ്റും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!