ഗാസയില്‍ ഇസ്രായേല്‍ കൊന്നവരുടെ എണ്ണം 9000 കടന്നു

ഗാസസിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ കൊന്നവരുടെ എണ്ണം 9061 ആയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 3760 കുട്ടികളും 2326 സ്ത്രീകളുമുണ്ടെന്നും അധികൃതര്‍ പറഞ്ഞതായി അല്‍ ജസീറ യും മിഡില്‍ ഈസ്റ്റ് ഐ യും റിപ്പോര്‍ട്ട് ചെയ്തു.
32,000 പേര്‍ക്ക് മുറിവേറ്റതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒക്‌ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണമാണ് അധികൃതര്‍ പുറത്തുവിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നടന്ന കൂട്ടക്കൊലപാതകങ്ങളില്‍ 256 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യം മന്ത്രാലയം അറിയിച്ചു. 1,100 കുട്ടികളടക്കം 2000ത്തോളം പേരെ ഗസ്സയില്‍ നിന്ന് കാണാതായിരിക്കുന്നത്. ഇവര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട് അവിശിഷ്ടങ്ങളില്‍ കിടക്കുകയാണെന്നാണ് ജനങ്ങള്‍ കരുതുന്നത്. ആവശ്യത്തിന് ഇന്ധനമില്ലാത്തതിനാല്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കാൻ കഴിയാതെ കിടക്കുകയാണ്.
ഇതേ കാലയളവില്‍ ഫലസ്തീന്റെ മറ്റൊരു ഭാഗമായ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം 131 ഫലസ്തീനികളെ കൊന്നതായാണ് വിവരം. 2000 പേരാണ് വെസ്റ്റ് ബാങ്കില്‍ പരിക്കേറ്റവര്‍. ഒക്ടോബറിലെ കൊലപാതകങ്ങളോടെ വെസ്റ്റ് ബാങ്കില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 343 ആയതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കടപ്പാട് അല്‍ ജസീറ
അതേസമയം, ഇസ്രായേലില്‍ 1405 പേരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 333 ഇസ്രായേലി പട്ടാളക്കാരും 58 പൊലീസ് ഓഫീസര്‍മാരുമാണുള്ളതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. 5431 പേര്‍ക്ക് പരിക്കേറ്റതായും പറഞ്ഞു. അതേസമയം, പട്ടാളക്കാരും സാധാരണക്കാരും 30 കുട്ടികളുമടക്കം 242 പേരെ ഹമാസ് ബന്ദിയാക്കിയെന്നും പറയുന്നു. ഗസ്സയില്‍ 2030 പേരെയാണ് കാണാനില്ലാത്തതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട്. ഇവരില്‍ 1020 കുട്ടികളുണ്ട്. 4000ത്തോളം ഗസ്സ നിവാസികളാണ് ഇസ്രായേല്‍ ജയിലില്‍ കഴിയുന്നത്.
അതിനിടെ, ഗസ്സയില്‍ ഇസ്രായേലി കമാൻഡറെ ഫലസ്തീൻ പോരാളികള്‍ കൊന്നതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ലഫ്റ്റനൻറ് കേണല്‍ സല്‍മാൻ ഹപബാകയാണ് കൊല്ലപ്പെട്ടതെന്നും രണ്ട് ദിവസത്തിനിടെ ഗസ്സയില്‍ നടക്കുന്ന രൂക്ഷ പോരാട്ടത്തില്‍ കൊല്ലപ്പെടുന്ന 18ാം സൈനികനാണ് ഇദ്ദേഹമെന്നും ഇസ്രായേല്‍ വ്യക്തമാക്കി. ചൊവ്വാഴ്ച കരയുദ്ധം തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനുമാണ് ഇദ്ദേഹം.

