KSDLIVENEWS

Real news for everyone

മാനവീയം വീഥിയിലെ സംഘര്‍ഷം ; കര്‍ശനടപടികളുമായി പൊലീസ്

SHARE THIS ON

തിരുവനന്തപുരം: മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന്‍റെ മറവില്‍ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാൻ കര്‍ശനടപടികളുമായി പൊലീസ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും വൃദ്ധജനങ്ങള്‍ക്കും യുവതികള്‍ക്കും സ്വൈര്യമായി കലാസ്വാദനം നടത്താനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്‌. നാഗരാജു അറിയിച്ചു.

തലസ്ഥാനനഗരത്തില്‍ മാറ്റത്തിന്‍റെ പുതിയ ഉണര്‍വ് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചത്.

മാനവീയം തുറന്നുനല്‍കിയിട്ട് അധികനാള്‍ ആകും മുമ്ബുതന്നെ ആസ്വാദകര്‍ക്കിടയില്‍ സാമൂഹിക വിരുദ്ധരും നുഴഞ്ഞുകേറാൻ തുടങ്ങി. ഇതോടെ ലഹരിയുടെയും മറ്റ് അനാരോഗ്യപ്രവണതകളുടെയും വേദിയായി മാനവീയം മാറി. കേരളീയംകൂടി ആരംഭിച്ചപ്പോള്‍ ഇവരുടെ അഴിഞ്ഞാട്ടങ്ങള്‍ക്ക് നിയന്ത്രണമില്ലാതായി.

ആക്രമണങ്ങളും സംഘട്ടനങ്ങളും അരങ്ങേറി. കഴിഞ്ഞദിവസം ലഹരി സംഘങ്ങളെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ കല്ലേറ് നടന്നു. ഇതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.

മാനവീയം വീഥിയിലെ ആക്രമണത്തിന് പിന്നില്‍ ലഹരി ഉപയോഗിച്ചിരുന്ന സംഘമാണെന്ന് സിറ്റി പൊലീസ് കമീഷണര്‍ പറഞ്ഞു. മാനവീയത്തിലെ നൈറ്റ് ലൈഫിന് നിയന്ത്രണം ഏര്‍പ്പെടുത്താനും സിറ്റി പൊലീസ് തീരുമാനിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാത്രി പത്തിനുശേഷം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രമ്മുകളും ഉപയോഗിക്കാനാകില്ല.

നിലവിലെ നിയമം മാനവീയത്തിലും കര്‍ശനമായി നടപ്പാക്കും. ലഹരി ഉപയോഗം പരിശോധിക്കാൻ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകളും ബ്രത്ത് അനലൈസറും ഉപയോഗിക്കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. അതേസമയം പൊലീസ് നിയന്ത്രണം കര്‍ശനമാക്കുമ്ബോള്‍ സാധാരണക്കാര്‍ക്ക് അവിടെ എത്താൻ കഴിയാത്ത സാഹചര്യമുണ്ടാകരുതെന്ന അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!