KSDLIVENEWS

Real news for everyone

എകെജി സെന്റ‍ര്‍ ആക്രമണം: കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: മന്ത്രി റിയാസ്

SHARE THIS ON

തിരുവനന്തപുരം എകെജി സെന്ററിനെതിരായ ബോംബാക്രമണം കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞാലുണ്ടാകുന്ന പ്രതിഷേധം ശക്തമായിരിക്കും എന്ന് അറിഞ്ഞുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്. ബോംബെറിഞ്ഞയാളെ മാലയിട്ട് സ്വീകരിക്കാനും വേണമെങ്കില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കാനും ലജ്ജയില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഭരണത്തിലിരുന്ന് കട്ട് മുടിച്ച്‌ ശീലിച്ചവര്‍ക്ക് ഇനി ഭരണത്തില്‍ വരില്ലെന്ന ആശങ്കയാണെന്നും അതിനാലാണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നതെന്നും പിഎ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.

അതിനിടെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വ‍ര്‍ധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വ‍ര്‍ധിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ധ‍ര്‍മ്മടത്തെ വീടിന്റെയും സുരക്ഷ വ‍ര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ സുരക്ഷയും വര്‍ധിപ്പിച്ചു.

ഇന്നലെ രാത്രി 11.30 യോടെയാണ് എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. ബോംബ് എറിഞ്ഞ ഇയാള്‍ അതിവേഗം ഓടിച്ചു പോവുകയായിരുന്നു. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!