KSDLIVENEWS

Real news for everyone

‘രക്ഷിക്കണം, എന്നെ ഇവിടെ മറന്നുകളയരുത്’; 13 കൊല്ലം മുന്‍പ് ബൈഡനെ രക്ഷിച്ച അഫ്ഗാനിയുടെ അഭ്യര്‍ഥന

SHARE THIS ON

കാബൂൾ: ഹലോ മിസ്റ്റർ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. എന്നെ ഇവിടെ മറന്നുകളയരുത്- അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടുള്ള അഫ്ഗാൻ സ്വദേശി മുഹമ്മദിന്റെ അഭ്യർഥനയാണിത്.

13 കൊല്ലം മുൻപ്, ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടർ ശക്തമായ മഞ്ഞുകാറ്റിനെ തുടർന്ന് അഫ്ഗാനിസ്താനിലെ ഉൾപ്രദേശത്ത് അടിയന്തരമായി നിലത്തിറക്കിയപ്പോൾ രക്ഷാപ്രവർത്തക സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു മുഹമ്മദ്. വാൾസ്ട്രീറ്റ് ജേണലിനോടായിരുന്നു മുഹമ്മദിന്റെ പ്രതികരണം. ദ്വിഭാഷിയായി പ്രവർത്തിച്ചിരുന്ന മുഹമ്മദ്, സുരക്ഷാകാരണങ്ങൾ മുൻനിർത്തി തന്റെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.


അമേരിക്കൻ സൈന്യം അഫ്ഗാനിൽനിന്ന് പൂർണമായി പിൻവാങ്ങിയ പശ്ചാത്തലത്തിൽ അവസാന ആശ്രയം എന്ന നിലയിലാണ് മുഹമ്മദ് ബൈഡനോട് സഹായം അഭ്യർഥിച്ചത്. ഓഗസ്റ്റ് 31-നാണ് അമേരിക്ക അഫ്ഗാനിൽനിന്ന് പൂർണമായി പിന്മാറിയത്. ഇതിനു പിന്നാലെ അമേരിക്കയ്ക്കൊപ്പം പ്രവർത്തിച്ച നിരവധി അഫ്ഗാനികളാണ് രാജ്യത്ത് പെട്ടുപോയിരിക്കുന്നത്.

നാലുമക്കൾക്കും ഭാര്യയ്ക്കുമൊപ്പം ഒളിവിലാണ് മുഹമ്മദ് ഇപ്പോൾ. 2008-ൽ അന്ന് സെനറ്ററായിരുന്ന ബൈഡനെയും മുൻ സെനറ്റർമാരായിരുന്ന ചക്ക് ഹേഗൽ, ജോൺ കെറി തുടങ്ങിയവരെ രക്ഷപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് മുഹമ്മദ്. അന്ന് യു.എസ്. സൈന്യത്തിനു വേണ്ടി ദ്വിഭാഷിയായി പ്രവർത്തിക്കുകയായിരുന്നു മുഹമ്മദെന്ന് അക്കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സൈനികോദ്യോഗസ്ഥർ പറയുന്നു.


അതേസമയം മുഹമ്മദിന്റെ അഭ്യർഥന ബൈഡനിലേക്ക് എത്തിയെന്നാണ് സൂചന. മുഹമ്മദിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അഫ്ഗാനിൽനിന്ന് പുറത്തുകൊണ്ടുവരാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. ഞങ്ങൾ നിങ്ങളെ അവിടെനിന്ന് കൊണ്ടുവരും. നിങ്ങളുടെ സേവനത്തെ ഞങ്ങൾ ബഹുമാനിക്കും- സാക്കി കൂട്ടിച്ചേർത്തു. ഭരണം താലിബാൻ പിടിച്ചതിനു പിന്നാലെ മുഹമ്മദിനെ പോലെ അമേരിക്കയ്ക്കൊപ്പം പ്രവർത്തിച്ച നിരവധിപ്പേരാണ് ഭയന്നുകഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!