KSDLIVENEWS

Real news for everyone

പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ അമരീന്ദര്‍ സിങ്;
പേര്- പഞ്ചാബ് വികാസ് പാര്‍ട്ടി

SHARE THIS ON

ന്യൂഡൽഹി: കോൺഗ്രസ് വിട്ട പഞ്ചാബ് മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പുതിയ പാർട്ടി രൂപവത്കരിക്കുന്നു. പഞ്ചാബ് വികാസ് പാർട്ടി എന്നാകും അമരീന്ദറിന്റെ പുതിയ പാർട്ടിയുടെ പേരെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു.

പുതിയ പാർട്ടിയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട്, തനിക്ക് അടുപ്പമുള്ള നേതാക്കളുടെ യോഗം വരുംദിവസങ്ങളിൽ അമരീന്ദർ വിളിച്ചു ചേർക്കും. നവ്ജോത് സിങ് സിദ്ദു വിരുദ്ധപക്ഷത്തുള്ള എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തേക്കും.


തന്റെ പ്രഥമ ലക്ഷ്യം സിദ്ദുവിനെ പരാജയപ്പെടുത്തുക എന്നതാണെന്ന് നേരത്തെ തന്നെ അമരീന്ദർ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാർഥിയെ ആകും പുതിയ പാർട്ടിയിൽനിന്ന് അമരീന്ദർ കളത്തിലിറക്കുക. പഞ്ചാബിലെ എല്ലാ കർഷക സംഘടനാ നേതാക്കളെയും അമരീന്ദർ ബന്ധപ്പെടുമെന്നും സൂചനയുണ്ട്. ചെറുപാർട്ടികളുമായും അദ്ദേഹം ചർച്ചകൾ നടത്തിയേക്കും.

ഉൾപാർട്ടി കലഹത്തെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്. കോൺഗ്രസ് വിടുകയാണെന്നും എന്നാൽ ബി.ജെ.പിയിൽ ചേരില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസ് ഉന്നത നേതൃത്വത്തിൽനിന്ന് നേരിടേണ്ടി വന്ന അപമാനത്തിൽ ഏറെ ദുഃഖിതനാണെന്നും അമരീന്ദർ പറഞ്ഞിരുന്നു.


ഇതാദ്യമായല്ല അമരീന്ദർ കോൺഗ്രസ് വിടുന്നത്. 1980-ൽ കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭയിലെത്തിയ അമരീന്ദർ, 1984-ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു പിന്നാലെ അകാലിദളിൽ ചേരാൻ പാർട്ടി വിട്ടു. 1998-ലാണ് അദ്ദേഹം തിരിച്ച് കോൺഗ്രസിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!