ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ നാശമെന്ന് പൊലീസ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരത്തിനിടെ നടന് ജോജു ജോര്‍ജിനെതിരെയുണ്ടായ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
നടന് ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പൊലീസ് പറയുന്നു.
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിനിടെ പ്രതിഷേധം നടത്തിയ നടന് ജോജു ജോര്‍ജ് പ്രതിഷേധിച്ചിക്കുകയും പിന്നീട് വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന് നേരെ കൈയ്യേറ്റം ശ്രമം നടത്തിയതായാണ് വിവരം. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു.
നടന് ജോജു ജോര്‍ജിന്റെ വീടിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ജോജുവിന്റെ തൃശൂരിലുള്ള വീടിന് മുന്നിലാണ് പ്രതിഷേധം ആരംഭിച്ചത്. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയും ജോര്‍ജിന്റെ വീടിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
അതിനിടെ, ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ സമരത്തിനിടെ പ്രതിഷേധം നടത്തിയ നടന് ജോജു ജോര്‍ജ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന ആരോപണം പൊലീസ് തള്ളി. താരം മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അറിയിച്ചു. വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി
അതേസമയം കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസം സംഭവത്തില്‍ ജോജുവിനെതിരെ വിമര്‍ശനമുന്നയിച്ചു.
“മിസ്റ്റര്‍ സിനിമാതാരം താങ്കള്‍ക്ക് തെറ്റി.ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികള്‍..കോണ്‍ഗ്രസുകാര്‍…. അത് മറക്കേണ്ട..,” എന്ന് ജോജുവിന്റെ പേര് പരാമര്‍ശിക്കാതെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍ രമ്യ ഹരിദാസ് കുറിച്ചു.
“അവിടെയുള്ള ഒരു കോണ്‍ഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ല..സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങള്‍ മറക്കാന്‍ പാടില്ലായിരുന്നു ഒരു സിനിമയ്ക്ക് നിങ്ങള്‍ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും.. തെരുവില്‍ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയര്‍പ്പ് തുള്ളിയാണ് നിങ്ങള്‍ പടുത്തുയര്‍ത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട,” രമ്യ ഹരിദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
“രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങള്‍ക്ക് പ്രശ്നമല്ലായിരിക്കാം.അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്നപാവപ്പെട്ടവന് അത് തീവ്ര പ്രശ്നമാണ്.ടാക്സി,ബസ് തൊഴിലാളികള്‍ പട്ടിണിയിലാണ്.. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു ..അത് മറക്കരുത്.ആര്‍ഭാടത്തിലെ തിളപ്പിനിടയില്‍ പാവപ്പെട്ടവനെ കാണാതെ പോകരുത്.കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ.. നിങ്ങള്‍ ഒരു മലയാളി അല്ലേ..?,” എന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ രമ്യ ഹരിദാസ് കുറിച്ചു.
ഇന്ന് ഉച്ചയോടെയാണ് കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജുവിന്റെ പരസ്യ പ്രതിഷേധം നടന്നത്. ഏകദേശം 20 മിനിറ്റോളം ജോജുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. അദ്ദേഹത്തിനൊപ്പം കൂടുതല്‍ ആളുകളും ചേര്‍ന്നതോടെയാണ് വാക്കേറ്റത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

