മോന്സണ് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണം -വി.എം.സുധീരന്

തിരുവനന്തപുരം: മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എം. സുധീരന്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ കേസില്‍ പ്രതികളാണ്. അതുകൊണ്ട് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകില്ല. മോന്സണ് വിഷയത്തില്‍ സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തി ദിനത്തില്‍ കെ.പി.സി.സി ഓഫീസിലെത്തിയതായിരുന്നു സുധീരന്.
കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് തീരുമാനം. പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇനി മത്സരത്തിനില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു താനെന്നും സുധീരന് വ്യക്തമാക്കി. കെ. സുധാകരനുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇനി വിവാദങ്ങള്‍ക്ക് താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും എ.ഐ.സി.സി അംഗത്വത്തില്‍ നിന്നും സുധീരന് രാജിവെച്ചിരുന്നു. പ്രസിഡന്റ് കെ. സുധാകരനുമായുണ്ടായ അഭിപ്രായഭിന്നതകളെ തുടര്‍ന്നായിരുന്നു രാജി.

