KSDLIVENEWS

Real news for everyone

വിലാപയാത്ര ആരംഭിച്ചു; സഖാവിനെ യാത്രയാക്കാന്‍ പാതയോരങ്ങളില്‍ ആയിരങ്ങള്‍

SHARE THIS ON

കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര ആരംഭിച്ചു. കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്. മുഷ്ടിചുരുട്ടി മുദ്രവാക്യങ്ങളുയര്‍ത്തി അവര്‍ കോടിയേരിയുടെ ഭൗതിക ശരീരത്തെ വരവേറ്റു. കണ്ണൂര്‍ വിമാനത്താവളം മുതല്‍ തലശ്ശേരിയിലേക്കാണ് വിലാപയാത്ര. ഉച്ചയ്ക്ക് 12.54 ഓട് കൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍മൃതദേഹം ഏറ്റുവാങ്ങി. തലശ്ശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ കണ്ണൂരിലെത്തിയിട്ടുണ്ട്‌. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ എത്തും. ഇന്ന് തലശ്ശേരിയിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!