KSDLIVENEWS

Real news for everyone

കല്യാണപ്പിറ്റേന്ന് യുവതി പണവും സ്വര്‍ണവുമായി കൂട്ടുകാരിക്കൊപ്പം മുങ്ങി; നവവരന്‍ ആശുപത്രിയില്‍

SHARE THIS ON

ചേർപ്പ്: കല്യാണപ്പിറ്റേന്ന് ഭർത്താവിനെയും ബന്ധുക്കളെയും കബളിപ്പിച്ച് സ്വർണാഭരണങ്ങളും പണവുമായി നവവധു കൂട്ടുകാരിക്കൊപ്പം ചുറ്റിക്കറങ്ങിയത് ആറുദിവസം. ഒടുവിൽ ചേർപ്പ് പോലീസ് രണ്ടുപേരെയും മധുരൈയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 24-ന് കല്യാണം കഴിഞ്ഞ പഴുവിൽ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് കൂട്ടുകാരിക്കൊപ്പം പോയത്.

ചാവക്കാട് സ്വദേശിയായ ഭർത്താവിനൊപ്പം ചേർപ്പിലെ ബാങ്കിലെത്തിയ വധു, സ്കൂട്ടറിലെത്തിയ കൂട്ടുകാരിയോടൊപ്പം പോകുകയായിരുന്നു. ഭർത്താവിന്റെ ഫോൺ വാങ്ങി, ഉടനെ തിരിച്ചുവരാമെന്നു പറഞ്ഞാണ് സ്കൂട്ടറിൽ രണ്ടുപേരും പോയത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ വെച്ചശേഷം ചെന്നൈയ്ക്ക് ട്രെയിൻ ബുക്ക് ചെയ്തുവെങ്കിലും, ബസിൽ കോട്ടയത്തേക്കും പിറ്റേന്ന് രാവിലെ ട്രെയിനിൽ ചെന്നൈയ്ക്കും പോയി. അവിടെനിന്ന് മധുരൈയിലെത്തി മുറിയെടുത്തശേഷം ചുറ്റിക്കറങ്ങുകയായിരുന്നു.


ഇതിനിടെ, തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ ഇരിക്കുന്നത് പന്തികേടാണെന്ന് തോന്നി തിരിച്ച് പാലക്കാട്ടെത്തി ടാക്സി വിളിച്ച് തൃശ്ശൂരിലെത്തി. രാത്രി പത്തിന് സ്കൂട്ടർ എടുത്ത് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് പത്തുദിവസം സൂക്ഷിക്കാനുള്ള പണം നൽകി തിരിച്ച് മധുരൈയിൽ പോയി.

മുറിയിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ലോഡ്ജ് നടത്തിപ്പുകാർ ഇവരെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഒരു ബന്ധുവിന്റെ ഡ്രൈവിങ് ലൈസൻസ് നമ്പറാണ് പെൺകുട്ടി ലോഡ്ജിൽ നൽകിയിരുന്നത്. കാണാതായ ദിവസം വൈകീട്ട് അഞ്ചുവരെ ബാങ്കിന് സമീപം കാത്തിരുന്ന ഭർത്താവ് ചേർപ്പ് പോലീസിൽ പരാതി നൽകിയിരുന്നു.


ലോഡ്ജിൽ ഇവരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവർ താമസിച്ച മുറിക്ക് സമീപം മുറിയെടുത്ത് നിരീക്ഷിച്ച് പിടികൂടി നാട്ടിലേക്ക് കൊണ്ടുപോരുകയായിരുന്നു. ഭാര്യയെ കാണാതായതിനു പിന്നാലെ നെഞ്ചുവേദനയെത്തുടർന്ന് അവശനായ ഭർത്താവ് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ്.

ചെന്നൈയിൽ തുണിക്കടയിൽ ജോലിചെയ്ത് ജീവിക്കാനായിരുന്നു ഇവരുടെ തീരുമാനമെന്ന് പോലീസ് പറഞ്ഞു. ഇതിനായി കല്യാണത്തിനുമുമ്പേ പോകാനിരുന്നതാണ്. സ്വർണവും പണവും കിട്ടാൻ മാത്രമാണ് കല്യാണത്തിന് സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു. വീട് വിറ്റ്, വാടകവീട്ടിലേക്ക് മാറി, ആ പണംകൊണ്ടാണ് വീട്ടുകാർ സ്വർണം വാങ്ങിയതും കല്യാണം നടത്തിയതും. കല്യാണം കഴിഞ്ഞ് 16 ദിവസത്തിനുശേഷം ബന്ധം പിരിഞ്ഞ കൂട്ടുകാരിയുടെ കൈയിലും പണവും സ്വർണവും ഉണ്ടായിരുന്നു. പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!