KSDLIVENEWS

Real news for everyone

ഷുഹൈബിനെ വെട്ടിക്കൊന്നത് അതിഭീകരമായി; കൃത്യം നടത്തിയത് സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘം’

SHARE THIS ON

“തിരുവനന്തപുരം∙ വിഐപി ക്വട്ടേഷൻ പ്രതികൾ ഉൾപ്പെട്ടതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ സർക്കാർ ലക്ഷങ്ങൾ ചെലവാക്കുന്നതെന്നു ടി.സിദ്ദിഖ്. ഷുഹൈബിന്റെ കൊലപാതകം സിപിഎം നേതാക്കൾ പറഞ്ഞാണ് നടത്തിയതെന്ന ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് അടിയന്തരപ്രമേയ നോട്ടിസ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന് സിദ്ദിഖ് പറഞ്ഞു. ഉന്നതരായ ആളുകൾക്ക് കൊലപാതകത്തിൽ പങ്കുണ്ട്. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. ഷുഹൈബ് കേസിൽ പുതിയ പരാതികളോ തെളിവുകളോ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമായാണ് നടന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു. ഒന്നാം പ്രതി അകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ച് മറ്റൊരു കേസിൽ പ്രതിയായതിനാൽ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടില്ല. പ്രതികളെ സംരക്ഷിക്കാനല്ല സിബിഐ അന്വേഷണത്തെ എതിർത്തത്. പൊലീസിനെതിരെ പരാമർശമുണ്ടായപ്പോൾ അതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഗുണ്ടകളുടെ തണലിലല്ല സിപിഎം പ്രവർത്തിക്കുന്നതെന്നും കുറ്റം ചെയ്തവർ ആരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം നിയന്ത്രിക്കുന്ന ക്വട്ടേഷൻ സംഘം സമൂഹമാധ്യമത്തിൽ നടത്തിയ കമന്റുകളുമായി ബന്ധപ്പെട്ടാണ് നിയമസഭയിൽ വിഷയം ഉന്നയിക്കുന്നതെന്ന് ടി.സിദ്ദിഖ് പറഞ്ഞു. അതിഭീകരമായാണ് ഷുഹൈബിനെ വെട്ടിക്കൊന്നത്. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയത്. ഒന്നാം പ്രതി അകാശ് തില്ലങ്കേരിയെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിനു മുൻപ് അകാശിന്റെ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാർട്ടിയാണ് സിപിഎം. കുട്ടിയെ സ്കൂളിൽനിന്ന് പുറത്താക്കുന്നതിനു മുൻപ് പിതാവിനോട് പറയുന്നതുപോലെയായിപ്പോയി ഇത്. ഷുഹൈബുമായി ക്വട്ടേഷൻ സംഘത്തിനു നേരിട്ടു ബന്ധമില്ല. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിൽ. പാര്‍ട്ടി നേതാക്കളുടെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും, തുറന്നു പറഞ്ഞാൽ പലർക്കും പുറത്തിറങ്ങി നടക്കാൻ കഴിയില്ലെന്നുമാണ് പ്രതി അകാശ് തില്ലങ്കേരി പറഞ്ഞത്. കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായാൽ പുനരന്വേഷണം നടത്തണം. പ്രതികൾക്കുവേണ്ടി ഹാജരാകുന്നത് ലക്ഷക്കണക്കിനു രൂപ പ്രതിഫലം വാങ്ങുന്ന വക്കീലൻമാരാണ്. ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് കാമുകിയുമായി ആറു മണിക്കൂർ സല്ലപിക്കാൻ ജയിലിൽ സൗകര്യം ചെയ്തു കൊടുത്തു. യുഎപിഎ ചുമത്താതെ പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ നിലപാട് സ്വീകരിച്ചു. പ്രതികൾക്ക് എല്ലാ സഹായവും ചെയ്യുന്നത് സിപിഎം, ഡിവൈഎഫ്ഐ നേതൃത്വമാണെന്നും ടി.സിദ്ദിഖ് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെയും പ്രതികളെ സഹായിച്ചവരെയും പിടികൂടിയതെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയം നോക്കിയല്ല പൊലീസ് പ്രവർത്തിച്ചത്. കേസിനെ സർക്കാർ ദുർബലപ്പെടുത്തിയില്ല. തെറ്റു ചെയ്യുന്നവരെ പാർട്ടി സംരക്ഷിക്കില്ല. തെറ്റുകൾക്ക് അതീതരാണ് പാർട്ടിയിൽ പ്രവർത്തിക്കുന്നതെന്ന് പറയാൻ കഴിയില്ല. മനുഷ്യനുണ്ടാകുന്ന തെറ്റുകളുണ്ടാകും. തെറ്റുകൾ മറച്ചുവച്ച് സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ല. തെറ്റു ചെയ്യുന്നവരെ മഹത്വവൽക്കരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!