KSDLIVENEWS

Real news for everyone

കോഴിക്കോട്ട്‌ വാക്‌സിന്‍ എടുത്ത യുവതി കുഴഞ്ഞുവീണു: തുടരെ രണ്ടുഡോസ് നല്‍കിയെന്ന് പരാതി

SHARE THIS ON

വടകര: ആയഞ്ചേരി പഞ്ചായത്തിലെ കടമേരി കുടുംബാരോഗ്യകേന്ദ്രത്തിൽ തീക്കുനി സ്വദേശിനിക്ക് തുടരെ രണ്ട് ഡോസ് കോവിഡ് വാക്സിൻ നൽകിയതായി പരാതി. തീക്കുനിയിലെ കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയ്ക്ക് (46) രണ്ടുഡോസ് കോവിഷീൽഡ് വാക്സിൻ നൽകിയതായാണ് പരാതി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. രാത്രി ഏഴുമണിയോടെ കുഴഞ്ഞുവീണ റജുലയെ വടകര സീയെം ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേസമയം, രണ്ട് ഡോസ് നൽകിയിട്ടില്ലെന്നും ആദ്യതവണ സിറിഞ്ച് കുത്തിയപ്പോൾ രക്തം കണ്ടതിനാൽ വാക്സിൻ നൽകാതെ പിന്നീട് വീണ്ടും കുത്തുകയായിരുന്നുവെന്നും ആയഞ്ചേരി പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. വിജിത്ത് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് നിസാർ പറയുന്നത് ഇങ്ങനെയാണ്: ചൊവ്വാഴ്ച മൂന്നരമണിക്കാണ് നിസാറും ഭാര്യയും പി.എച്ച്.സി.യിൽ വാക്സിനേഷനായി എത്തിയത്. രണ്ടുപേരും അടുത്തടുത്ത കസേരകളിലാണ് ഇരുന്നത്. ഒരു നഴ്സ് വന്ന് ഇടവേളപോലും നൽകാതെ റജുലയ്ക്ക് രണ്ടുതവണ വാക്സിൻ കുത്തിവെച്ചു. നിസാറിന് ഒരുതവണമാത്രം കുത്തിയപ്പോൾ ഭാര്യയ്ക്ക് രണ്ടുതവണ കുത്തിയല്ലോ എന്നുചോദിച്ചു. രണ്ട് ഡോസ് എടുത്തതായി എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. വിഷയം പഞ്ചായത്തധികൃതരെയും നിസാർ ധരിപ്പിച്ചു.

ബുധനാഴ്ച ഒരു തീർപ്പുണ്ടാക്കിത്തരാമെന്ന ഉറപ്പിലാണ് മടങ്ങിയത്. രാത്രി ഏഴുമണിയോടെ ഭക്ഷണം കഴിക്കുന്നതിനിടയിൽ റജുല കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എം.ആർ.ഐ. സ്കാനിങ്ങിന് പുറത്തേക്ക് കുറിച്ചുകൊടുക്കുകയായിരുന്നു. പുറത്തെ സ്വകാര്യ സ്കാനിങ് സെന്ററിൽനിന്ന് 2000 രൂപ നൽകിയാണ് സ്കാനിങ് നടത്തിയത്.

രണ്ടു ഇൻജക്ഷൻ എടുത്തതിന്റെ അടയാളം കാണാം

സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ രണ്ട് ഇൻജക്ഷൻ എടുത്തതിന്റെ അടയാളം വ്യക്തമായി കണ്ടിരുന്നുവെന്ന് നിസാർ പറഞ്ഞു. ഇടതുവശം തളർന്ന നിലയിലാണ്. അത് ക്രമേണ ശരിയാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

ആരോഗ്യനിലയിൽ കുഴപ്പമില്ല
ഇവരുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു. എല്ലാവിധ ചികിത്സകളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും കളക്ടർ, ഡി.എം.ഒ. തുടങ്ങിയവരെയെല്ലാം വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും നിസാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!