KSDLIVENEWS

Real news for everyone

പിന്നില്‍നിന്ന് തിരിച്ചടിച്ച് പോർച്ചുഗൽ: പെനാൽറ്റി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

SHARE THIS ON

ടൊറന്റോ: അടി തിരിച്ചടി… നാടകീയത…ഒടുക്കം പോർച്ചുഗലിന് ജീവൻ തിരിച്ചുകിട്ടി. ടൊറന്റോയുടെ ആകാശത്ത് നോക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ ആർത്തുചിരിച്ചു. അവസാന ലോകകപ്പിലെ യാത്ര അവസാനിച്ചതിന്റെ ദുഃഖഭാരവും പേറി മോഡ്രിച്ച് തിരിച്ചുനടന്നു. ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. 53-ാം മിനിറ്റിൽ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആദ്യ ഗോൾ നേടിയത്. ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസിൽ നിന്ന് പന്ത് ലഭിച്ച പെരിസിച്ച് അനായാസം വലകുലുക്കി. 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരം സമനിലയിലാക്കി. പിന്നാലെ ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ഗോൺസാലോ റാമോസിന്റെ വിജയഗോൾ. അവസാനമിനിറ്റിൽ ക്രൊയേഷ്യ വലകുലുക്കിയെങ്കിലും ഓഫ്സൈഡായതോടെ കളിയുടെ വിധി കുറിക്കപ്പെട്ടു. പ്രീ-ക്വാർട്ടറിൽ സ്പെയിനാണ് പോർച്ചുഗലിന്റെ എതിരാളികൾ.

ആദ്യമിനിറ്റുകളിൽ തന്നെ മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചാണ് ഇരുടീമുകളും തുടങ്ങിയത്. മൂന്നാം മിനിറ്റിൽ ക്രൊയേഷ്യയുടെ അന്റെ ബുദിമിർ ഗോളിനടുത്തെത്തി. നാലാം മിനിറ്റിൽ പോർച്ചുഗലിനായി ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾശ്രമം ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച് തട്ടിയകറ്റി. 13-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയും ഗോളിനടുത്തെത്തി. പക്ഷേ ലക്ഷ്യം കണ്ടില്ല. റാഫേൽ ലിയോയും പെഡ്രോ നെറ്റോയും വിങ്ങുകളിലൂടെ മികച്ച നീക്കങ്ങൾ നടത്തി. 16-ാം മിനിറ്റിൽ റെനാറ്റോ വെയ്ഗയുടെ ഹെഡർ ശ്രമം ലക്ഷ്യം കാണാതെ പോയി. ആദ്യപകുതിയിൽ നിറഞ്ഞുകളിക്കുന്ന പോർച്ചുഗീസ് സംഘത്തേയാണ് കണ്ടത്.

കിട്ടിയ അവസരങ്ങളിൽ കൗണ്ടർ അറ്റാക്കുകളുമായി ക്രൊയേഷ്യയും മുന്നേറി. 33-ാം മിനിറ്റിൽ പോർച്ചുഗലിന് മികച്ച അവസരം ലഭിച്ചു. ബ്രൂണോയുടെ ഷോട്ടുകൾ തുടർച്ചയായി രണ്ടുതവണയാണ്‌ ലിവാകോവിച്ച് തടുത്തിട്ടത്. മൈതാനത്ത് ബോൾ പൊസഷനിലും പോർച്ചുഗൽ ആധിപത്യം പുലർത്തി. ക്രൊയേഷ്യയുടെ പകുതിയിലായിരുന്നു കൂടുതൽ സമയവും കളി. ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ റാഫേൽ ലിയോയ്ക്ക് തുറന്ന അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതോടെ ആദ്യ പകുതി അവസാനിച്ചു.

ആദ്യപകുതിയിൽ ഒൻപത് ഷോട്ടുകളാണ് പോർച്ചുഗൽ അടിച്ചത്. ക്രൊയേഷ്യ മൂന്നും. പന്തടക്കത്തിൽ വലിയ മേധാവിത്തമാണ് പോർച്ചുഗൽ പുലർത്തിയത്. രണ്ടാം പകുതിയിൽ ഗോളിനായി കടുത്ത ആക്രമണങ്ങളാണ് ഇരുടീമുകളും നടത്തിയത്. തുടരെത്തുടരെ മുന്നേറ്റങ്ങൾ നടത്തി ക്രൊയേഷ്യ തുടക്കത്തിൽ തന്നെ ഞെട്ടിച്ചു. 48-ാം മിനിറ്റിൽ കൊവാസിച്ചിന് മികച്ച അവസരം ലഭിച്ചു. എന്നാൽ ഷോട്ട് പോർച്ചുഗൽ ഗോളി ഡിയാഗോ കോസ്റ്റ സേവ് ചെയ്തു. പിന്നാലെ പോർച്ചുഗലിനെ ഞെട്ടിച്ച് ക്രൊയേഷ്യ ഗോൾ നേടി. 53-ാം മിനിറ്റിൽ പെരിസിച്ചാണ് വലകുലുക്കിയത്. ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസിൽ നിന്ന് പന്ത് ലഭിച്ച പെരിസിച്ച് അനായാസം വലകുലുക്കി.

പിന്നീട് തിരിച്ചടിക്കായി പോർച്ചുഗീസ് സംഘം ആക്രമിച്ചുകളിച്ചു. അതിനിടെ 56-ാം മിനിറ്റിൽ ക്രൊയേഷ്യ ഒരിക്കൽക്കൂടി വല കുലക്കിയെങ്കിലും ഓഫ് സൈഡായി. പിന്നാലെ ക്രിസ്റ്റ്യാനോ വലകുലുക്കിയതും ഓഫ്സൈഡായി. 65-ാം മിനിറ്റിൽ പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കിയതോടെ മത്സരം സമനിലയിലായി. സ്കോർ 1-1. ലോകകപ്പിലെ ക്രിസ്റ്റ്യാനോയുടെ ആദ്യ നോക്കൗട്ട് ഗോളാണിത്. പിന്നാലെ ക്രൊയേഷ്യ പലതവണ ഗോളിനടുത്തെത്തി. ഡിയാഗോ കോസ്റ്റയുടെ സേവാണ് ടീമിനെ രക്ഷിച്ചത്. ക്രൊയേഷ്യ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടതോടെ പോർച്ചുഗൽ പ്രതിരോധത്തിലായി. പിന്നാലെ ക്രിസ്റ്റ്യാനോയെ പിൻവലിച്ചു. എന്നാൽ ഇഞ്ചുറി ടൈമിൽ പകരക്കാരനായെത്തിയ ഗോൺസാലോ റാമോസ് പോർച്ചുഗലിനെ മുന്നിലെത്തിച്ചു. തകർപ്പൻ ഹെഡറിലൂടെയാണ് വലകുലുക്കിയത്.

ഇഞ്ചുറി ടൈമിലും ആക്രമണം തുടർന്ന ക്രൊയേഷ്യ 10-ാം മിനിറ്റിൽ വലകുലുക്കിയതോടെ സ്റ്റേഡിയം പൊട്ടിത്തെറിച്ചു. പക്ഷേ അതിന് അൽപ്പായുസ്സുമാത്രമേ ഉണ്ടായുള്ളൂ. വാർ പരിശോധനയിൽ ഓഫ്സൈഡായതോടെ ഗോൾ റദ്ദായി. പോർച്ചുഗലിന് ജീവൻ വീണുകിട്ടി. ഒടുക്കം ഫൈനൽ വിസിൽ…ക്രിസറ്റ്യാനോയും സംഘവും പ്രീ-ക്വാർട്ടറിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!