KSDLIVENEWS

Real news for everyone

അഫ്ഗാന്റെ വികസനത്തില്‍ മുഖ്യ പങ്കാളി ചൈന ആയിരിക്കുമെന്ന് താലിബാന്‍ വക്താവ്

SHARE THIS ON

കാബൂൾ: അഫ്ഗാനിസ്താന്റെ വികസന പ്രവർത്തനങ്ങൾക്ക് ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. ചൈനയുടെ സഹായത്തോടെ വികസന പ്രവർത്തനങ്ങൾക്ക് അടിത്തറപാകും. ചൈന ആയിരിക്കും വികസന കാര്യത്തിൽ രാജ്യത്തിന്റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താൻ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇറ്റാലിയൻ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് പറഞ്ഞു.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെ താലിബാൻ പിന്തുണയ്ക്കും. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി. രാജ്യാന്തര വിപണികളിലേക്കുള്ള തങ്ങളുടെ വാതിൽ തുറക്കുന്നത് ചൈനയിലൂടെ ആയിരിക്കുമെന്നും താലിബാൻ വക്താവ് പറഞ്ഞു.


അഫ്ഗാനിസ്താനിൽ വൻതോതിലുള്ള ചെമ്പ് ശേഖരമുണ്ട്. ചൈനയുടെ സഹായത്തോടെ ചെമ്പ് ഖനികൾ ആധുനികവത്കരിക്കാനും പ്രവർത്തന സജ്ജമാക്കാനും കഴിയും. റഷ്യയേയും പ്രധാന പങ്കാളിയായാണ് താലിബാൻ കാണുന്നത്. മോസ്കോയുമായി നല്ല ബന്ധം നിലനിർത്തുമെന്നും താലിബാൻ വക്താവ് പറഞ്ഞു.

ഓഗസ്റ്റ് 15 നാണ് താലിബാൻ അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തത്. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടൽ അവസാനിപ്പിച്ച് അമേരിക്കൻ സൈന്യം ഓഗസ്റ്റ് 31-ന് അഫ്ഗാനിൽനിന്ന് പൂർണമായി പിന്മാറുകയും ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളുടെയെല്ലാം നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുമെന്ന് അധികാരം പിടിച്ചശേഷം താലിബാൻ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിലെ ജനങ്ങൾക്ക് അനുകൂലമായ നയങ്ങൾ ഇന്ത്യ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും താലിബാൻ വക്താവ് നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!