ബേക്കൽ ബീച്ച് ഫെസ്റ്റ് ടൂറിസം; പുതുവത്സര വാരാഘോഷത്തിന് അനുമതി നൽകുമെന്ന് മന്ത്രി

കാസർകോട് ∙ സംസ്ഥാനത്ത് സിനിമകൾ ചിത്രീകരിച്ച വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി ശ്രമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളെ ആ രീതിയിൽ തന്നെ സഞ്ചാര കേന്ദ്രങ്ങളാക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനായി പരിഗണിക്കുന്ന സ്ഥലമായി മന്ത്രി ചൂണ്ടിക്കാട്ടിയത് ബേക്കലിനെയാണ്.
ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ, ഡിടിപിസി മറ്റു വകുപ്പുകൾ എന്നിവയെ യോജിപ്പിച്ച് സംഘാടനം നടത്തി ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന് ടൂറിസം വകുപ്പ് എല്ലാ സഹായവും നൽകും. അവിടെ പ്രാദേശികമായ സംഘാടനം നടത്തി സംഘടിപ്പിക്കു ന്നതാണ് ഗുണകരമാവുക. ബീച്ച് ഫെസ്റ്റിവലിന് പ്രത്യേക ഗ്രാന്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യാന്തര ടൂറിസം മാപ്പിൽ സ്ഥാനം ലഭിച്ച ബേക്കൽ ടൂറിസം പദ്ധതിയെ കൂടുതൽ ഉന്നതിയിൽ എത്തിക്കുന്നതിനും സ്വദേശീയരും
വിദേശീയരുമായ കൂടുതൽ സഞ്ചാരികളെ ബേക്കലിലേക്ക് ആകർഷിക്കുന്നതിനും എല്ലാ വർഷവും ‘ബേക്കൽ ബീച്ച് ഫെസ്റ്റിവൽ’ എന്ന പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ നടപ്പിലാക്കുന്നതിനുള്ള വിശദമായ പ്രൊജക്ട് അനുമതിക്കായി സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ടൂറിസം വകുപ്പിന് സമർപ്പിച്ചിരുന്നു. ഈ പ്രൊജക്ടിന് അനുമതി ലഭ്യമാക്കി തരണമെന്ന ആവശ്യവുമായി നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു ടൂറിസം മന്ത്രി.
മണിരത്നത്തിന്റെ ബേക്കൽ
1993ൽ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തിലെ ഉയിരേ.. എന്ന ഗാനം പരാമർശിച്ചാണ് മന്ത്രി റിയാസ് നിയമസഭയിൽ പ്രസംഗിച്ചത്. സിനിമയുടെ സംവിധായകൻ മണിരത്നത്തെയും സംഗീത സംവിധായകൻ എ.ആർ.റഹ്മാനെയും നടൻ അരവിന്ദ് സ്വാമിയെയും ബേക്കലിൽ കൊണ്ടു വന്ന് പരിപാടി നടത്താൻ ആലോചനയുണ്ടായെന്നും മന്ത്രി പറഞ്ഞു.
ബേക്കൽ വിനോദ സഞ്ചാര മേഖലയെ സജീവമാക്കാൻ വലിയ പദ്ധതികളാണു തയാറാകുന്നത്. മണിരത്നം എത്താമെന്ന് സമ്മതിച്ചതായും മന്ത്രി പറഞ്ഞു. ഫെസ്റ്റിനോട് അനുബന്ധിച്ച് തന്നെ മണിരത്നത്തെ എത്തിക്കാനാണ് അധികൃതരുടെ ശ്രമം. അല്ലെങ്കിൽ മറ്റൊരു ദിവസം പ്രത്യേക പരിപാടിയായി നടത്തും. ആ ദിവസം ‘ബോംബെ’ സിനിമയുടെ പ്രത്യേക പ്രദർശനം നടത്താനും പദ്ധതിയുണ്ട്.

