ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത; ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലില്‍

ഗസ്സ സിറ്റി: യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലില്‍ എത്താനിരിക്കെ, ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ലബനാൻ അതിര്‍ത്തിയില്‍ ആക്രമണം കൂടുതല്‍ ശക്തമായിരിക്കെ, ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്ന് വൈകീട്ട് സുപ്രധാന പ്രഖ്യാപനം നടത്തും. അതേസമയം, ഗസ്സ നഗരത്തെ പൂര്‍ണമായും വളഞ്ഞതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് അനുമതി നല്‍കിയേക്കുമെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോര്പറേഷൻ സൂചിപ്പിക്കുന്നു. ഗസ്സയില്‍ നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കെ, ഗസ്സയിലേക്ക് ഇന്ധനം എത്തിക്കാൻ ഇസ്രായേലിനെ അമേരിക്ക പ്രേരിപ്പിച്ചേക്കും . ഇസ്രായേലില്‍ എത്തുന്ന ആൻറണി ബ്ലിങ്കന്‍ ജോര്‍ദാൻ നേതാക്കളുമായും ചര്‍ച്ച നടത്തും. ഗസ്സയില്‍ തുടരുന്ന കുരുതി അമേരിക്കൻ അനുകൂല രാജ്യങ്ങളെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
അതിനിടെ, ഗസ്സ നഗരം പൂര്‍ണമായും വളഞ്ഞതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. ജെനിൻ ക്യാമ്ബ് പരിസരത്ത് ഹമാസും ഇസ്രായേല്‍ സ്പെഷ്യല്‍ ഫോഴ്സും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് വെളുപ്പിനും തുടര്‍ന്നു. ബന്ദികളുടെ മോചനവും ഹമാസിനെ അമര്‍ച്ച ചെയ്യലും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. എന്നാല്‍, അജയ്യമായ പ്രതിരോധം തുടരുമെന്നും ഇസ്രായേലിന്റെ കുരുതിക്ക് പകരംചോദിക്കുമെന്നും ഹമാസ് വ്യക്തമാക്കി. കരയുദ്ധത്തില്‍ ഇതിനകം 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.
ഗസ്സ ആക്രമണം തുടര്‍ന്നാല്‍ യുദ്ധവ്യാപ്തി ഉറപ്പാണെന്ന് പടിഞ്ഞാറൻ രാജ്യങ്ങള്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്കി. ഇസ്രായേല്‍ നഗരമായ കിര്യത് ഷ്മോനക്കു നേരെ ഇന്നലെ ലബനാനില്‍ നിന്നുള്ള ഹമാസിന്റെ മിസൈല്‍ ആക്രമണം നടന്നു. 12 മിസൈലുകള്‍ പ്രദേശത്ത് പതിച്ചു. രണ്ട് ഇസ്രായേലികള്‍ക്ക് പരിക്കുണ്ട്. ലബനാൻ ഷെബഫാമിലെ വടക്കൻ സൈനിക പോസ്റ്റുകള്‍ക്കുനേരെ ഹിസ്ബുല്ലയും ആക്രമണം നടത്തി. ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയുടെ ഇന്ന് നടക്കുന്ന പ്രഖ്യാപനം യുദ്ധഗതിയെ മാറ്റിമറിച്ചേക്കും. ഗസ്സക്കപ്പുറത്തേക്ക് യുദ്ധം വ്യാപിക്കാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നാണ് പെൻറഗണ്‍ പറയുന്നത്. ഇസ്രായേലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചതായി ബഹ്റൈൻ പാര്‍ലമെന്റ് അറിയിച്ചു. എന്നാല്‍, തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിവരമൊന്നുമില്ലെന്നാണ് ഇസ്രായേലിന്റെ പ്രതികരണം.

