കര്‍ഷകര്‍ക്കൊപ്പം തങ്ങാന്‍ ട്രക്ക് വീടാക്കി; സൗജന്യ ഭക്ഷണ വിതരണത്തിന് ലംഗറും തുറന്നു

ന്യൂഡൽഹി: സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പം പ്രതിഷേധിക്കാനെത്തിയതാണ് ജലന്ധർ സ്വദേശി ഹർപ്രീത് സിങ് മാത്തു. യുഎസിൽ താമസിക്കുന്ന മൂത്ത സഹോദരന്റെ നിർദേശപ്രകാരമാണ് ഹർപ്രീത് ഡിസംബർ രണ്ടിന് സമരത്തിൽ പങ്കെടുക്കാനെത്തിയത്. അന്ന് രാത്രിയിൽ തങ്ങാൻ ഹോട്ടൽ മുറിയിലേക്ക് പോയ ഹർപ്രീതിന് പക്ഷെ വല്ലാത്ത വിഷമം അനുഭവപ്പെട്ടു. സമരത്തിലേർപെട്ടിരിക്കുന്ന സഹോദരങ്ങൾക്കൊപ്പം തന്നെ തങ്ങാനായിരുന്നു അദ്ദേഹത്തിനാഗ്രഹം.
ഭാര്യ, മകൻ, അനന്തരവൻ തുടങ്ങി ഒരു സംഘമാളുകളുമായി അഞ്ച് ട്രക്കുകളിലായാണ് ഹർപ്രീത് സിംഘുവിലെത്തിയത്. അതിലൊരു ട്രക്കിനെ ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളുമൊരുക്കി താത്ക്കാലിക വാസസ്ഥലമാക്കി മാറ്റുകയാണ് ഹർപ്രീത് ചെയ്തത്. സോഫ, കിടക്ക, ടിവി കൂടാതെ ഒരു ടോയ് ലറ്റും ട്രക്കിനുള്ളിലുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെ ഒന്നരദിവസം കൊണ്ടാണ് വീടിന്റെ പണി പൂർത്തിയാക്കിയത്.
സമരമുഖത്തുള്ള കർഷകർക്ക് ചായയും ഭക്ഷണവും വിതരണം ചെയ്യാൻ ‘ഗുരുദ്വാര സാഹിബ് റിവർസൈഡ് കാലിഫോർണിയ ലംഗർ സേവ’യും ഹർപ്രീത് ആരംഭിച്ചിട്ടുണ്ട്. ഗുരുദ്വാരകളോടനുബന്ധിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്ന പൊതുഅടുക്കളയാണ് ലംഗർ. രാവിലെ മുതൽ രാത്രി വരെ ഇവിടെ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഏകദേശം പതിനായിരത്തോളം പേർ ദിവസേന ലംഗറിൽ നിന്നുള്ള ഭക്ഷണസൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഹർപ്രീത് പറയുന്നു. 80-90 ആളുകൾ പാചകത്തിനും മറ്റുമായി സഹായത്തിനെത്തുന്നുമുണ്ട്.

