സഭയില്‍ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യം, പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല: മാത്യു കുഴല്നാടന്

കോട്ടയം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മേല്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് മാത്യു കുഴല്‍ നാടന്‍ എം.എല്‍എ. സഭയില്‍ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണെന്നും പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കുഴല്നാടന് പറഞ്ഞു. മാത്യു കുഴല്നാടന് എം.എല്‍.എയുടെ പരാമര്‍ശങ്ങള്‍ നിയമസഭാ രേഖയില്‍ നിന്നും നീക്കിയിരുന്നു. ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരെ പരമാര്ശമുണ്ടെന്ന ഭാഗമാണ് നീക്കിയത്. അപകീര്‍ത്തിപരമായ പരമാര്‍ശം രേഖയില്‍ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇ.ഡി. കേസില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴല്നാടന് ആരോപണം ഉന്നയിച്ചത്. ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വായിക്കുന്നതും രേഖയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്ന് പ്രസംഗം തടസപ്പെടുത്താന്‍ ഭരണപക്ഷം ശ്രമിച്ചിരുന്നു. അതിനെ വകവയ്ക്കാതെയാണ് പ്രസംഗിച്ചതെന്നും കുഴല്നാടന് പറഞ്ഞു. കോടതിയുടെ വ്യവഹാരത്തിലിരിക്കുന്ന കാര്യങ്ങള്‍ പരാമര്‍ശിക്കരുതെന്ന നിയമസഭാ ചട്ടം 307 പ്രകാരമാണ് വിവാദ പരാമര്‍ശങ്ങള്‍ നീക്കിയിരിക്കുന്നത്. അതേസമയം,ഷുഹൈബ് വധക്കേസില്‍ ഇന്ന് സഭ പ്രക്ഷ്ബുധമായി. ശുഹൈബ് വധക്കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കാത്തതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആവശ്യപ്പെട്ടു.

