KSDLIVENEWS

Real news for everyone

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരം

SHARE THIS ON

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പിതാവിന്‍റെ അമ്മ, അനിയന്‍, പെണ്‍സുഹൃത്ത്, പിതൃസഹോദരന്‍, പിതൃസഹോദരന്റെ ഭാര്യ എന്നിങ്ങനെ അഞ്ചുപേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയില്‍ തുടരുകയാണ്.

കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച ശേഷം ആത്മഹത്യചെയ്യാന്‍ അഫാന്‍ എലിവിഷം കഴിച്ചിരുന്നെന്ന് പോലീസിനോടു പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച അഫാനെ ജയിലിലേക്ക് മാറ്റാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞത് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാറ്റിയില്ല. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

ചൊവ്വാഴ്ച രണ്ടുമണിയോടെ ജയില്‍ വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ആശുപത്രിയിലേക്ക് എത്തുകയും ഡിസ്ചാര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നിടങ്ങളിലായാണ് അഫാന്‍ അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. അതിനാല്‍തന്നെ വിവിധ പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!