ബീച്ചിലിറക്കിയ കാർ മണലിൽ താഴ്ന്നു; ക്രെയിൻ കാത്തു നിന്നാൽ കൈവിട്ടു പോകുമെന്നുറപ്പായതോടെ നാട്ടുകാർ കൈകോർത്തു

നീലേശ്വരം ∙ കടലോരത്തേക്കിറക്കിയ കാർ മണലിൽ താഴ്ന്നു. ഇന്നലെ വൈകിട്ട് നീലേശ്വരം തൈക്കടപ്പുറം ആശുപത്രി റോഡ് ബീച്ചിലാണ് സംഭവം. ഡ്രൈവ് ഇൻ ബീച്ചുകളിൽ ചെയ്യുന്നതു പോലെ കടലോരത്തേക്കിറക്കി തിരയിലൂടെ ഓടിക്കുകയായിരുന്നു ലക്ഷ്യമെന്നു നാട്ടുകാർ പറഞ്ഞു. തിരയടിക്കുന്ന പൂഴിയിലേക്ക് ഇറക്കിയ കാറിന്റെ മുൻ ടയറുകൾ പൂഴിയിൽ താഴ്ന്നു.
ഇതോടെ കാർ ഓടിച്ചിരുന്ന യുവാവ് കാറിൽ നിന്നിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ വേലിയേറ്റം വരുന്നതോടെ കാർ കടലെടുക്കുമെന്നു മുന്നറിയിപ്പു നൽകി. ക്രെയിൻ കാത്തു നിന്നാൽ കൈവിട്ടു പോകുമെന്നുറപ്പായതോടെ പൂഴിയിൽ താഴ്ന്നു തുടങ്ങിയ കാർ നാട്ടുകാർ ഒത്തു പിടിച്ച് കടലോരത്തു നിന്നു നീക്കുകയായിരുന്നു.

