ഗ്രൗണ്ടിന് മതിൽ കെട്ടണമെന്ന് ആവശ്യം : ഡ്രൈവിങ് ടെസ്റ്റിനിടെ കാർ റോഡിലേക്ക് മറിഞ്ഞു

കാഞ്ഞങ്ങാട് : ഡ്രൈവിങ് ടെസ്റ്റിനിടെ ഗ്രൗണ്ടിൽനിന്ന് കാർ റോഡിലേക്ക് മറിഞ്ഞു. ആളപായമില്ല. മോട്ടോർവാഹനവകുപ്പിന്റെ ഗുരുവനത്തെ ടെസ്റ്റിങ് കേന്ദ്രത്തിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ടെസ്റ്റിങ് സ്ഥലത്തുനിന്ന് ഏതാനും മീറ്റർ അകലെയാണ് റോഡ്. ‘എച്ച്’ ആകൃതിയിൽ ടെസ്റ്റ് നടന്നശേഷം കാർ നിർത്താനാകാതെ വേഗത്തിൽ മുന്നോട്ട് പോയി റോഡിലേക്ക് മറിയുകയായിരുന്നു. റോഡിന് സമാന്തരമല്ല ടെസ്റ്റിങ് ഗ്രൗണ്ട്. ഉയരമുണ്ടായതിനാൽ അത്രയും ഭാഗത്ത് കല്ലുകെട്ടി ഉറപ്പിക്കുകയായിരുന്നു. റോഡിൽനിന്ന് സ്ഥലത്തേക്കുള്ള ഉയരത്തിൽ മാത്രമാണ് കല്ലു കെട്ടിയത്. അതിനു മുകളിലേക്ക് മതിൽ കെട്ടണമെന്ന് നാട്ടുകാർ നേരത്തേ ആവശ്യപ്പെട്ടതാണ്. ഇതിനു മുൻപും ടെസ്റ്റിങ്ങിനിടെ കാർ മറിഞ്ഞിട്ടുണ്ട്. റോഡിലൂടെ മറ്റ് വാഹനങ്ങൾ പോകുന്ന സമയത്താണ് മുകളിൽനിന്ന് കാർ തെന്നിയെത്തുന്നതെങ്കിൽ വലിയ അപകടം സംഭവിക്കാനിടയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. അരയേക്കറിലധികമുണ്ട് ടെസ്റ്റിങ് ഗ്രൗണ്ട്. കാഞ്ഞങ്ങാട് നഗരസഭയുടെ സ്ഥലമാണിത്. സ്ഥലത്തിന്റെ ഒരുവശത്തുകൂടെ മാത്രമാണ് റോഡ് കടന്നുപോകുന്നത്. ഇവിടെ മാത്രം മതിൽ കെട്ടിയാൽ മതിയാകുമെന്ന് ഡ്രൈവിങ് സ്കൂളുകാരും പറയുന്നു. ചുറ്റുമതിൽ കെട്ടാത്തത് പ്രശ്നമാണെന്ന കാര്യം മോട്ടോർ വാഹന വകുപ്പ് നഗരസഭാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവിങ് നന്നായി പഠിക്കാതെയെത്തുന്നതാണ് അപകടത്തിനിടയാക്കുന്നതെന്ന വിമർശവുമുയരുന്നുണ്ട്. ‘ശരിക്കും പഠിച്ച് റോഡിലൂടെ കൃത്യമായി വാഹനമെടുക്കാൻ കഴിയണം. എന്നിട്ടേ ടെസ്റ്റിന് ഹാജരാകാൻ പാടുള്ളൂ’-കാഞ്ഞങ്ങാട് ജോയിന്റ് ആർ.ടി.ഒ. എസ്. ബിജു പറഞ്ഞു. ‘എട്ടും’ ‘എച്ചു’മെടുക്കുന്നത് തെറ്റും. ടെസ്റ്റിങ് കേന്ദ്രത്തിന് പുറത്തെത്തിയാൽ വാഹനം നിർത്താൻപോലുമാകുന്നില്ല. ഇങ്ങനെയുള്ളവർ എന്തിനാണ് ധൃതിപ്പെട്ട് ടെസ്റ്റിനെത്തുന്നതെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ചോദിക്കുന്നു.

