വാവ സുരേഷ് നടന്നു; വിഷം പൂര്‍ണമായി ഇറങ്ങി; ആരോഗ്യനില തൃപ്തികരം

കോട്ടയം: പാമ്പിൻ്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിൻ്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഓർമശക്തിയും സംസാര ശേഷിയും പൂർണ്ണമായി വീണ്ടെടുത്തു. സ്വന്തമായി ആഹാരം കഴിക്കാനും തനിയെ നടക്കുവാനും തുടങ്ങി. നിലവിൽ ജീവൻ രക്ഷാ ഉപാധികൾ ഒന്നും ഉപയോഗിക്കുന്നില്ല. മുറിവ് ഉണങ്ങുന്നതിനുള്ള ആന്റിബയോട്ടിക്കുകൾ മാത്രമാണ് ഇപ്പോൾ നൽകുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ശരീരത്തില്‍ നിന്ന് വിഷം പൂര്‍ണമായും മാറിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുരേഷ് പൂര്‍ണ ആരോഗ്യവാനായി. വെന്റിലേറ്ററില്‍ കിടന്നതിൻ്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പിൻ്റെ കടിയിലുണ്ടായ മുറിവുണങ്ങാന്‍ മാത്രമാണ് സുരേഷിന് മരുന്ന് നല്‍കുന്നത്. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
ഡോക്ടര്‍മാരുടെ ചോദ്യത്തിന് സുരേഷ് കൃത്യമായി മറുപടി നല്‍കിയത് തലച്ചോറിലേക്കുള്ള രക്തഓട്ടം സാധാരണ നിലയിലായതിൻ്റെ സൂചനയായാണ് കണക്കാക്കുന്നത്. ഡോക്ടര്‍മാര്‍ പേര് ചോദിച്ചപ്പോള്‍, ഞാന്‍ സുരേഷ്, വാവ സുരേഷ് എന്ന് മറുപടി നല്‍കിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സുരേഷിനെ ഇന്നലെ ഐസിയുവില്‍ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റിയിരുന്നു. കോട്ടയം കുറിച്ചിയില്‍ വച്ച് മൂര്‍ഖൻ്റെ കടിയേറ്റതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ദ്ധ സംഘമാണ് വാവ സുരേഷിൻ്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്

