ഗണേഷിന്‍റെ പ്രതീക്ഷകള്‍, വാടകയിനത്തില്‍ ഒരു കോടിയുടെ വര്‍ധന; 143 പുതിയ ബസുകളും വരും, കെഎസ്‌ആര്‍ടിസിയില്‍ വൻ മാറ്റങ്ങള്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ കടമുറികളുടെ വാടകയിനത്തില്‍ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
പഴയ ഗ്രാമീണ സര്‍വീസുകള്‍ക്കായി പുതിയ ബസ് വാങ്ങും. 27 അശോക് ലെയ്‍ലൻഡ് ചെറിയ ബസ് ഉടൻ വാങ്ങും. 143 ബസുകള്‍ വാങ്ങുന്നതിന് നിലവില്‍ ഓർഡർ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കെഎസ്‌ആർടിസിയിലെ അനാവശ്യ ചെലവുകള്‍ കുറക്കാൻ സിഎംഡിക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കല്‍ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളില്‍ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്. സേവനങ്ങള്‍ക്ക് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോള്‍ഫ്രീ നമ്ബർ രണ്ടാഴ്ചക്കകം നിലവില്‍ വരും.
കെഎസ്‌ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്ബളം നല്‍കുമെന്നാണ് കെ ബി ഗണേഷ് കുമാറിന്‍റെ പ്രതികരണം. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു. സർക്കാരില്‍ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നല്‍കുമ്ബോള്‍ തിരിച്ചടക്കാനാകും. ചെലവു ചുരുക്കലില്‍നിന്നും വരുമാനത്തില്‍ നിന്നുമുള്ള ബാക്കി തുകയും അടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സർക്കാർ പലഘട്ടങ്ങളിലായി പതിനായിരം കോടിയോളം രൂപ നല്‍കി.
സാമ്ബത്തിക പ്രതിസന്ധികളുണ്ടെങ്കിലും പുതിയ പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ മാറ്റം കെഎസ്‌ആർടിസിയില്‍ കൊണ്ടുവരാനായിട്ടുണ്ടെന്നും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിന് ജീവനക്കാരുടെ കൂട്ടായസഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യം എല്ലാം നല്‍കി. പെൻഷൻ നല്‍കുന്നതിനായി ഓരോ ദിവസവും വരുമാനത്തിന്റെ 5 ശതമാനം മാറ്റിവക്കുന്നുണ്ട്. രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ 2024 സെപ്റ്റംബർ വരെയുള്ള പെൻഷൻ ആനുകൂല്യങ്ങള്‍ നല്‍കാനാകും. 2023 മെയ് വരെ 93.44 കോടി രൂപ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യമായി നല്‍കാനായി. ജീവനക്കാരുടെ ആനുകൂല്യ ഇനത്തില്‍ കഴിഞ്ഞ വർഷം ജനുവരി മുതല്‍ ഈ വർഷം ജനുവരിവരെയുള്ള കുടിശ്ശിക തീർക്കാൻ 262.94 കോടി രൂപ അനുവദിച്ചു നല്‍കിയിച്ചുണ്ട്.

