ആത്മഹത്യ ചെയ്യാനൊരുങ്ങി മാതാവും 3 മക്കളും; ജീവിതത്തിലേക്കു തിരിച്ചുവിളിച്ചു പൊലീസ്

കളനാട് ∙ ഭർത്താവിന്റെ അവഗണനയിൽ മനം മടുത്തു മക്കളോടൊന്നിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങിയ മാതാവിനെയും 3 മക്കളെയും രക്ഷപ്പെടുത്തി പൊലീസ്. ഇന്നലെ രാവിലെ ബാര മാങ്ങാടി വെടിക്കുന്നിലെ യുവതിയാണു ഭർത്താവിന്റെ നിരന്തരമായ അവഗണനയെ തുടർന്നു ജീവിതം അവസാനിക്കാനെന്ന ഉദ്ദേശത്തോടെ വീട്ടിൽ നിന്നിറങ്ങിയത്. യുവതിയുടെ സഹോദരി ഈ വിവരം മേൽപറമ്പ് പൊലീസിൽ അറിയിക്കുകയായിരുന്നു.
മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.രാജേന്ദ്രൻ, കെ.രാമചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർ ജയേഷ് പല്ലത്ത്, ടോണി ജോർജ് എന്നിവർ സ്ഥലത്തെത്തി. ഇവരെ തേടി പൊലീസ് എത്തിയപ്പോൾ വീട്ടിൽ നിന്നിറങ്ങിയതായി വിവരം ലഭിച്ചു. തുടർന്ന് മാങ്ങാട് ടൗണിൽ അന്വേഷിച്ചപ്പോൾ ഓട്ടോയിൽ കയറി പോയതായി അറിഞ്ഞു. പിന്നീട് ഇവരെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ ഫോണിൽ വിളിച്ചപ്പോൾ ചെമ്പരിക്കയിലേക്കാണു പോയ തെന്നറിഞ്ഞു.
ഈ വിവരം കീഴൂരിലെ ഔട്ട് പോസ്റ്റിലുള്ള പൊലീസുകാരെ അറിയിച്ചു. ഇവർ ചെമ്പരിക്കയിലേക്ക് എത്തിയപ്പോൾ കടലിന്റെ സമീപത്തെ പാറപ്പുറത്തു ചാടാൻ തയാറായി നിൽക്കുകയായിരുന്നു മാതാവും 3 മക്കളുമെന്നും പൊലീസ് പറഞ്ഞു. പിന്നീട് ഇവരുടെ അടുത്തെത്തി ആത്മഹത്യയിൽ നിന്നു പിൻതിരിപ്പിച്ചു. ഒപ്പം സഹായിക്കാനായി ഹരിത കർമസേനാംഗങ്ങളും രംഗത്തുണ്ടായിരുന്നു. സ്റ്റേഷ നിലെത്തിച്ചതിനു ശേഷം ഇവരുടെ ബന്ധുക്കളെ അറിയിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഈ യുവതിയുടെ മക്കളിൽ ഒരാൾ പറഞ്ഞത് എനിക്ക് ഇനിയും പഠിക്കണമെന്നും വീടും പണിയണമെന്നും മാതാവിനെ നോക്കണമെന്നായിരുന്നു. ബെംഗളൂ രിലുള്ള പിതാവ് ഞങ്ങളെ സഹായിക്കാൻ വരില്ലാന്നായിരുന്നു പറഞ്ഞത്. ഇവരെ സഹായിക്കാൻ തയാറാവുള്ളവർ മുന്നോട്ടു വരണമെന്നു പൊലീസ് അഭ്യർഥിച്ചു.

