റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി; മൂന്നുപേര്‍ മരിച്ചു, 20 പേരെ കാണാതായി

ബംഗ്ലാദേശ് : തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി മൂന്നുപേര്‍ മരിച്ചു, 20 പേരെ കാണാതായി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. ചൊവ്വാഴ്ച മലേഷ്യയിലേക്ക് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ബംഗാള്‍ ഉള്‍ക്കടലില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. രണ്ടു കോസ്റ്റ് ഗാര്‍ഡ് ബോട്ടുകള്‍ വഴി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
ഹാല്‍ബുനിയയിലെ തീരനഗരമായ ഷില്‍ഖലി ബീച്ചില്‍ മൂന്നു റോഹിങ്ക്യന്‍ വനിതകളുടെ മൃതദേഹം അടിഞ്ഞതായി പൊലീസ് ഇന്‍സ്പെക്ടര്‍ നൂര്‍ മുഹമ്മദ് പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ‘മത്സ്യബന്ധനത്തിന് പോകുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ അവിടേക്ക് പോയിരുന്നു. തുടര്‍ന്ന് 18നും 20 നും ഇടയില്‍ പ്രായമുള്ള യുവതികളുടെ മൃതദേഹം കണ്ടെത്തി’ പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. കോക്സ് ബസാറിലെ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും അറിയിച്ചു. സംഭവം മനുഷ്യക്കടത്താണെന്ന് സംശയിക്കുന്നതായും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോക്സ് ബസാര്‍ ജില്ലയുടെ തീരത്ത്, ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന വിശാലമായ ക്യാമ്ബുകളുടെ സമീപമാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട റോഹിങ്ക്യന്‍ വനിത പേയാര ഖാത്തൂന് സംഭവം ഓര്‍ത്തെടുത്തു. ‘കടല്‍ വളരെ പ്രക്ഷുബ്ധമായിരുന്നു, വലിയ തിരമാലകളുണ്ടായിരുന്നു. പെട്ടെന്ന് ബോട്ട് മുങ്ങി. ഞങ്ങള്‍ ഒരു മണിക്കൂര്‍ നീന്തി ബീച്ചിലെത്തുകയായിരുന്നു’ അവള് പറഞ്ഞു.
നിരവധി നഗരങ്ങളില്‍ നിന്ന് ആളെ കയറ്റിയ ബോട്ടില്‍ 65 പേരുണ്ടായിരുന്നുവെന്ന് കരുതുന്നതായി കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന് കമാന്‍ഡര്‍ ആഷിഖ് അഹമ്മദ് പറഞ്ഞു. 41 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും നാലു ബംഗ്ലാദേശികളും അടക്കം 45 പേരെ തങ്ങള്‍ രക്ഷപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. 20 ഓളം പേരെ കാണാതായതായും രക്ഷപ്രവര്‍ത്തനം തുടരുന്നതായും പറഞ്ഞു.
ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ മൂലം ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ നിന്ന് ഓരോ വര്‍ഷവും നൂറുകണക്കിന് റോഹിങ്ക്യകളെ രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കാറുണ്ട്. കള്ളക്കടത്തുകാര്‍ക്ക് പണം നല്‍കിയാണ് പുറത്തുകടക്കാന്‍ ശ്രമിക്കാറുള്ളത്. മ്യാന്മറില് അഞ്ചു വര്‍ഷം മുമ്ബുണ്ടായ സൈനിക അതിക്രമത്തെ തുടര്‍ന്നാണ് റോഹിങ്ക്യന്‍സ് ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥികളായെത്തിയത്. റോഹിങ്ക്യന്സിനെതിരെ നടന്ന വംശഹത്യ യു.എന്‍ കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.

