തിരക്കിനനുസരിച്ച് നിരക്ക് മാറില്ല; ഓണ്ലൈന് ടാക്സി യാത്രാനിരക്ക് ഏകീകരിച്ച് ഗതാഗതവകുപ്പ്

ഓൺലൈൻ ടാക്സികളുടേയും സിറ്റി, എയർപോർട്ട് ടാക്സികളുടേയും നിരക്കുകൾ പുനർനിർണയിച്ച് കർണാടക ഗതാഗതവകുപ്പ്. പുതിയ ഉത്തരവനുസരിച്ച് ഓൺലൈൻ ടാക്സികൾക്കും മറ്റ് ടാക്സികൾക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക. തിരക്കേറിയ സമയങ്ങളിൽ കൂടിയ തുകയീടാക്കുന്ന ഓൺലൈൻ ടാക്സികളുടെ നടപടിക്കും വിലക്കുണ്ട്. രാത്രിയിൽ ഓൺലൈൻ ടാക്സികളീടാക്കുന്ന അധികനിരക്ക് 10 ശതമാനമായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ടാക്സികളെ മൂന്നുവിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷത്തിൽ താഴേ വിലയുള്ള വാഹനങ്ങൾക്ക് ആദ്യ നാലു കിലോമീറ്ററിന് ചുരുങ്ങിയ നിരക്കായി നൂറുരൂപ ഈടാക്കാം. അധികംവരുന്ന ഒരോ കിലോമീറ്ററിനും 24 രൂപവീതവും ഈടാക്കാം. 10 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുന്ന രണ്ടാമത്തെ വിഭാഗത്തിന് ആദ്യ നാലുകിലോമീറ്ററിന് ഈടാക്കാനാകുന്ന തുക 115 രൂപയാണ്. അധികം വരുന്ന കിലോമീറ്ററിന് 28 രൂപവീതവും യാത്രക്കാരിൽനിന്ന് വാങ്ങാം. 15 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറുകൾ ഉൾപ്പെടുന്ന മൂന്നാമത്തെ വിഭാഗത്തിന് ആദ്യ നാലുകിലോമീറ്ററിൽ 130 രൂപയാണ് ഈടാക്കാവുന്ന നിരക്ക്. തുടർന്ന് വരുന്ന ഒരോ കിലോമീറ്ററിനും 32 രൂപവീതമാണ് നിരക്ക്. ഇതിനുപുറമേ വെയിറ്റിങ് ചാർജായി അഞ്ചുമിനിറ്റിന് ഒരുരൂപവീതവും ഈടാക്കാം.ഇതുവരെ നാലുവിഭാഗങ്ങളാക്കിയാണ് ഓൺലൈൻ ടാക്സികൾക്ക് നിരക്കീടാക്കിയിരുന്നത്. അഞ്ചുലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾക്ക് ആദ്യത്തെ നാലുകിലോമീറ്ററിന് 75, അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ വിലയുള്ള കാറുകൾക്ക് നാലുകിലോമീറ്ററിന് 100 രൂപ, 10-നും 16 ലക്ഷത്തിനും ഇടയിൽ വിലയുള്ള കാറുകൾക്ക് 120 രൂപ, 16 ലക്ഷത്തിന് മുകളിൽ വിലയുള്ള കാറുകൾക്ക് 150 രൂപ എന്നിങ്ങനെയായിരുന്നു നിരക്ക്. തുടർന്ന് വരുന്ന ഓരോകിലോമീറ്റിനും ഓൺലൈൻ ടാക്സികമ്പനികൾ പല നിരക്കാണ് ഈടാക്കിയിരുന്നത്. അതേസമയം സിറ്റി, എയർപോർട്ട് ടാക്സികളിൽ സാധാരണ കാറുകൾക്ക് ആദ്യനാലുകിലോമീറ്ററിന് 75 രൂപ തുടർന്നുവരുന്ന ഒരോകിലോമീറ്ററിനും 18 രൂപ എ.സി. കാറുകൾക്ക് ചുരുങ്ങിയ നിരക്ക് 100 രൂപ പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 24 രൂപ എന്നിങ്ങനെയാണ് നിരക്ക്. പുതിയനിരക്ക് വരുന്നതോടെ ഓൺലൈൻ ടാക്സികളിൽ സഞ്ചരിക്കാൻ നേരിയ തോതിൽ ചെലവ് കൂടുമെന്നാണ് വിലയിരുത്തൽ. എന്നാൽ രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോഴുള്ള അമിതനിരക്ക് കുറയുമെന്നത് ആശ്വാസകരമാണ്. നേരത്തേ സിറ്റി,എയർപോർട്ട് ടാക്സി ജീവനക്കാരും ഉടമകളും നിരക്ക് ഏകീകരണ ആവശ്യവുമായി രംഗത്തുവന്നിരുന്നു.

