തിരഞ്ഞെടുപ്പ് അടുത്തപ്പോള് സർക്കാരിനെ അപകീർത്തിപ്പെടുത്താന് കസ്റ്റംസ് ശ്രമിക്കുന്നു- പിണറായി

തിരുവനന്തപുരം: വിവിധ ഏജൻസികളുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന സ്വപ്ന സുരേഷ് ഒരു ഏജൻസിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വന്നപ്പോൾ പറഞ്ഞോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റംസാണ് പ്രചാരണ പദ്ധതി നയിക്കുന്നതെന്നും കസ്റ്റംസ് കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ പ്രസ്താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് കമ്മീഷണർ കേസിൽ എതിർകക്ഷി പോലുമല്ലെന്നും കേട്ടുകേൾവിയില്ലാത്ത നടപടിയാണ് കസ്റ്റംസിന്റേതെന്നും അദ്ദേഹം പറഞ്ഞു.null
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര ഏജൻസികളിൽ ചിലതിന്റെ ആക്രമണോത്സുകതയ്ക്ക് ആക്കം കൂടി. അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് ഇ.ഡി. കിഫ്ബിക്കെതിരേ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പ്രസ്താവനയും. കേരളത്തിനും രാജ്യത്തിനും മാതൃകയായ, വികസന ബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കോൺഗ്രസിന്റേയും ബിജെപിയുടേയും മനോനില കടമെടുത്ത് കേന്ദ്ര ഏജൻസി ഇറങ്ങിത്തിരിച്ചത്.
കഴിഞ്ഞ നവംബറിൽ ഒരു പ്രതി ക്രിമിനൽ നിയമത്തിന്റെ 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ പ്രസ്താവനയിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാണ് കസ്റ്റംസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കേസിൽ സത്യവാങ്മൂലം കൊടുത്ത കസ്റ്റംസ് കമ്മീഷണർ എതിർ കക്ഷി പോലുമല്ല. സ്വപ്ന സുരേഷും കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുമാണ് എതിർ കക്ഷികൾ. എതിർ കക്ഷിയല്ലാത്ത ഒരാൾ കോടതിയിൽ ഇത്തരം സത്യവാങ്മൂലം നൽകുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.
ജൂലൈ മുതൽ വിവിധ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന സുരേഷ്. ഇതിൽ ഒരു ഏജൻസിക്ക് മുമ്പാകെയും പറയാത്ത മഹാകാര്യം കസ്റ്റംസിന്റെ കസ്റ്റഡിയിൽ വന്നപ്പോൾ പറഞ്ഞിട്ടുണ്ടെങ്കിൽ കാരണമെന്തായിരിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യം സത്യവാങ്മൂലം കൊടുത്ത കസ്റ്റംസും അതിന് പിന്നിൽ പ്രവർത്തിച്ചവരും പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മജിസ്ട്രേറ്റിന് മുമ്പിൽ വകുപ്പ് 164 പ്രകാരം നടത്തുന്ന മൊഴി അന്വേഷണ ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ ലഭിക്കുകയുള്ളൂ. അന്വേഷണ ഏജൻസി പ്രത്യക്ഷമയോ, പരോക്ഷമായോ ഇത് വെളിപ്പെടുത്തരുതെന്ന് കേരള ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമവശം ഇതായിരിക്കെ കേസിൽ കക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണർ മന്ത്രിസഭയിലെ അംഗങ്ങളേയും സ്പീക്കറേയും അപകീർത്തിപ്പെടുത്തുക എന്ന തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേന്ദ്രത്തിലെ ഭരണ കക്ഷിയുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. അതിനായി തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയുടെ മാനസിക ചാഞ്ചാട്ടം അന്വേഷണ ഏജൻസികൾ മുതലെടുക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രസ്താവന നടത്തുകയും അത് മാധ്യമങ്ങളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് ഏജൻസി അവലംബിച്ചത്. ഇത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിക്കും ബിജെപിക്കും ഒരുപോലെ പ്രയോജനമുണ്ടാക്കിക്കൊടുക്കാനുള്ള വിടുവേലയല്ലെങ്കിൽ മറ്റെന്താണെന്നും പിണറായി ചോദിച്ചു.
2020 നവംബറിൽ തന്നെ രഹസ്യമൊഴിയിൽ എന്തുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നിമിഷങ്ങൾക്കുള്ളിൽ അതേറ്റുപിടിച്ച് പ്രതിപക്ഷ നേതാവും പ്രസ്താവന ഇറക്കിയിരുന്നു. അവർ ഒരേ സ്വരത്തിലാണത് പറഞ്ഞത്. അതേ കൂട്ടർ തിരഞ്ഞെടുപ്പടുത്തപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

