ഇതുപോലെയുള്ള അപകടങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാകില്ലെന്ന് ഹൈക്കോടതി; വിവരം അറിയിച്ചില്ലെന്ന് MVD

കൊച്ചി: ടൂര്‍ പോകുന്നവിവരം സ്‌കൂള്‍ അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍. വടക്കഞ്ചേരിയിലെ ബസ് അപകടത്തില്‍ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. അതേസമയം, അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചു. സംഭവത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിരോധിക്കാന്‍ തടസ്സമെന്താണെന്ന് ഹൈക്കോടതി ചോദിച്ചു. വാഹനങ്ങള്‍ റോഡില്‍ ലൈന്‍ ട്രാഫിക്ക് പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇതുപോലെയുള്ള അപകടങ്ങള്‍ ലോകത്ത് ഒരിടത്തും ഉണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപകടത്തില്‍ മരിച്ചവരുടെ വേദനയില്‍ പങ്കുചേരുന്നതായും കോടതി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് വെള്ളിയാഴ്ച ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പതുപേരാണ് മരിച്ചത്. അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണെന്നാണ് പ്രാഥമികനിഗമനം. ഈ സാഹചര്യത്തിലാണ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

