വടക്കഞ്ചേരി അപകടത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം

ന്യൂഡല്‍ഹി: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ ജീവന്‍ പൊലിയാനിടയാക്കിയ ബസ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.
മരിച്ച ഓരോ വ്യക്തിയുടേയും അടുത്ത ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് നല്‍കുക. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നാകും തുക കൈമാറുക. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
‘കേരളത്തിലെ പാലക്കാട് ജില്ലയിലുണ്ടായ റോഡപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു’, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു

