വടക്കഞ്ചേരി അപകടം: മുങ്ങിയ ബസ് ഡ്രൈവര്‍ കൊല്ലത്ത് പിടിയില്‍, കാര്‍ പിന്തുടര്ന്ന് പിടികൂടി

കൊല്ലം: പാലക്കാട് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ പിടിയില്‍. എറണാകുളം സ്വദേശിയായ ജോമോനെയാണ് കൊല്ലം ചവറയില്‍നിന്ന് പോലീസ് പിടികൂടിയത്. അപകടത്തിന് പിന്നാലെ ചികിത്സതേടിയ ശേഷം ജോമോന് പാലക്കാട്ടെ ആശുപത്രിയില്‍നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് പിടികൂടിയത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടൂറിസ്റ്റ് ബസിന്റെ ഉടമ അരുണിനെയും പോലീസ് പിടികൂടി.
ബസ് അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ജോമോന് വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിനുശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രിയില്‍നിന്ന് പ്രാഥമിക ചികിത്സ തേടിയ ശേഷം ഇയാള്‍ മുങ്ങിയെന്നാണ് പോലീസ് പറഞ്ഞത്. ഇയാളെ കണ്ടെത്താനായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

