അടിച്ചുമോനേ…; കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനവും നാല് സമാശ്വാസ സമ്മാനവും ഓട്ടോഡ്രൈവര്‍ക്ക്

കോതമംഗലം:കുട്ടംപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ എടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനം. ‘കാരുണ്യ’ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷത്തിനൊപ്പം 8,000 രൂപവീതമുള്ള നാല് സമാശ്വാസ സമ്മാനങ്ങളുമാണ് നൂറേക്കർ തെങ്ങുവിള ടി.ആർ. ഹുസൈനെ (42) തേടിയെത്തിയത്.
വല്ലപ്പോഴുമാണ് ഹുസൈൻ ലോട്ടറി എടുക്കുന്നത്. ശനിയാഴ്ചത്തെ നറുക്കെടുപ്പിൽ പി.ഡബ്ല്യു. 749886 നമ്പർ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്. പ്രായമായ മാതാപിതാക്കളടക്കമുള്ള ആറംഗ കുടുംബത്തിന്റെ അത്താണിയാണ് ഹുസൈൻ. കഴിഞ്ഞ ഒക്ടോബറിൽ മഴയിൽ ഓടുമേഞ്ഞ വീടിന്റെ മുൻഭാഗം ഇടിഞ്ഞുവീണിരുന്നു. സുഹൃത്തുക്കളുടെ സഹായത്താലാണ് താത്കാലിക പണികൾ തീർത്തത്.
കടബാധ്യത തീർത്ത് പുതിയൊരു വീടുവെയ്ക്കുകയാണ് ഹുസൈന്റെ സ്വപ്നം. കുട്ടംപുഴ പ്ലാത്തിക്കാട് രാജനിൽ നിന്ന് വാങ്ങിയ പുന്നേക്കാട് ബി.കെ. ലോട്ടറി ഏജൻസിയിയുടെ ഭാഗ്യക്കുറികളാണ് സമ്മാനാർഹമായത്. കുട്ടംപുഴ ഫെഡറൽ ബാങ്ക് ശാഖയിൽ തിങ്കളാഴ്ച ലോട്ടറി ഏൽപ്പിക്കും.

