ബ്രഹ്മപുരം വിഷയത്തിൽ കോടതിയുടെ രൂക്ഷവിമർശം; കളക്ടർ നാളെ ഹാജരാകണം, അടിയന്തര റിപ്പോർട്ട് നൽകണം ias

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ ശേഖരണ പ്ലാന്റ് തീപ്പിടിത്തത്തില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതരെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. കളക്ടര്‍ രേണു രാജിനോട് ബുധനാഴ്ച കോടതിയില്‍ എത്താന്‍ കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതിയുടെ ഡിവിഷന്‍ ബെഞ്ച്. തിങ്കളാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കേസ് പരിഗണിക്കുന്നതിന് മുന്‍പുതന്നെ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവരോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. മാത്രമല്ല, എറണാകുളം കളക്ടര്‍ രേണു രാജിനോടും കോടതിയിലേക്ക് എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍ ഹാജരായില്ല. പകരം ദുരന്ത നിവാരണ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥയാണ് കോടതിയിലെത്തിയത്. കളക്ടര്‍ നേരിട്ട് ഹാജരാകാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസ് പരിഗണിച്ച ജഡ്ജിമാരില്‍ ഒരാള്‍, ശനിയാഴ്ച താന്‍ നടക്കാനിറങ്ങിയപ്പോള്‍ കടുത്ത പുകയുണ്ടായിരുന്നെന്നും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രഭാതസവാരി അവസാനിപ്പിച്ച് മടങ്ങിപ്പോകേണ്ടിവന്നുവെന്നും പറഞ്ഞു. തന്റെ അയല്‍ക്കാരിയായ കളക്ടര്‍ക്ക് ഇതുവരെ പുകയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലേയെന്ന് കോടതി പരിഹാസരൂപേണ ചോദിച്ചു. അങ്ങനെയെങ്കില്‍ കളക്ടര്‍ കോടതിയിലേക്ക് എത്തി കാര്യങ്ങള്‍ പറഞ്ഞാല്‍ കളക്ടര്‍ സ്വീകരിച്ചതു പോലുള്ള മുന്‍കരുതല്‍ തങ്ങള്‍ക്കും എടുക്കാമല്ലോ എന്ന് കോടതി വാക്കാല്‍ പറഞ്ഞു. കളക്ടര്‍ രേണു രാജ് ബുധനാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച ഉച്ചയോടെ തീയും പുകയും അവസാനിക്കുമെന്ന് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി വിശദീകരിച്ചു. അങ്ങനെയെങ്കില്‍ കേസ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ മാലിന്യപ്രശ്‌നം സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം 1.45-ന് കോടതി വീണ്ടും കേസ് പരിഗണിക്കും. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനും നാളെ കോടതിയില്‍ നേരിട്ട് ഹാജരാകണം”

