KSDLIVENEWS

Real news for everyone

സദാചാര ഗുണ്ടകൾ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദ്ദിച്ചു; ബസ് ഡ്രൈവർ മരിച്ചു

SHARE THIS ON

തൃശൂർ ∙ സദാചാര ഗുണ്ടകൾ തിരുവാണിക്കാവിൽ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പിടിച്ചിറക്കി മർദ്ദിച്ച ബസ് ഡ്രൈവർ മരിച്ചു. ചേർപ്പ് സ്വദേശിയായ സഹറാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സഹറിന്റെ മരണം. ഫെബ്രുവരി 18ന് അർധരാത്രിയായിരുന്നു സംഭവം. സഹറിനെ മർദ്ദിച്ച സംഭവത്തിൽ ഉൾപ്പെട്ട ആറു പേരും ഇപ്പോഴും ഒളിവിലാണ്. സഹർ അവിവാഹിതനായിരുന്നു. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു മുപ്പത്തിരണ്ടുകാരനായ സഹര്‍. പ്രവാസി മലയാളിയുടെ ഭാര്യയായിരുന്നു സഹറിന്റെ സുഹൃത്തെന്ന് പൊലീസ് പറയുന്നു. അര്‍ധരാത്രി ഫോണ്‍ വന്നതിനെ തുടർന്നാണ് സഹർ ഇവരുടെ വീട്ടിലെത്തിയത്. ഇതിനിടെ, വനിതാ സുഹൃത്തിന്റെ വീട്ടില്‍ അര്‍ധരാത്രി ചെന്നത് ചോദ്യംചെയ്യാന്‍ സദാചാര ഗുണ്ടകൾ എത്തുകയായിരുന്നു. അതേസമയം, ഇവർ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നും പറയുന്നു. സഹറിനെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കിയ ഇവർ മര്‍ദ്ദിച്ചവശനാക്കി. കടുത്ത മർദ്ദനത്തിൽ സഹറിന്റെ വൃക്കകള്‍ തകരാറിലായി. വാരിയെല്ലിന് ഗുരുതരമായി ക്ഷതമേറ്റു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മര്‍ദ്ദനദൃശ്യങ്ങള്‍ പൊലീസ് തെളിവായി ശേഖരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസ്. പ്രതികളില്‍ ഒരാള്‍ രാജ്യം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!