വെറുപ്പ് ഉന്മൂലനംചെയ്ത് ഇന്ത്യ ഒന്നാകുംവരെ യാത്രതുടരും; ഭാരത് ജോഡോയാത്രയുടെ ഒന്നാം വാർഷികത്തിൽ രാഹുൽ

ന്യൂഡല്‍ഹി: വെറുപ്പ് ഉന്മൂലനം ചെയ്യപ്പെടുകയും ഇന്ത്യ ഒന്നാകുകയും ചെയ്യുന്നതുവരെ ഭാരത് ജോഡോ യാത്ര തുടരുമെന്ന് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികദിനത്തിലാണ് രാഹുലിന്റെ പ്രതികരണം. സ്‌നേഹത്തിലേക്കും ഒരുമയിലേക്കുമുള്ള ഭാരത് ജോഡോ യാത്രയുടെ ഓരോ ചുവടുകളും രാജ്യത്തിന്റെ നല്ല നാളേയ്ക്കുള്ള അടിത്തറ പാകുകയാണ്. വെറുപ്പ് തുടച്ചു നീക്കപ്പെടുംവരെ, ഇന്ത്യ ഒന്നാകും വരെ യാത്ര തുടരുകതന്നെ ചെയ്യും. ഇതെന്റെ ഉറപ്പാണ്, രാഹുൽ എക്സിൽ കുറിച്ചു. ചരിത്രമിന്നുവരെ കണ്ടിട്ടില്ലാത്ത ജനമുന്നേറ്റമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ പല മാറ്റങ്ങളും കൊണ്ടുവരാന്‍ ജോഡോ യാത്രയ്ക്കായെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശും പ്രതികരിച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള 4,000 കിലോമീറ്റർ ദൂരം 136 ദിവസം കൊണ്ടായിരുന്നു രാഹുല്‍ നടന്നുതീര്‍ത്തത്. 2022 സെപ്റ്റംബര്‍ ഏഴ് മുതല്‍ 2023 ജനുവരി 30 വരെ നീണ്ട യാത്രയില്‍ 12 പൊതുപരിപാടികളിലും നൂറിലധികം ചെറുയോഗങ്ങളിലും 13 വാര്‍ത്താസമ്മേളനങ്ങളിലും രാഹുല്‍ പങ്കെടുത്തു. പി.ഡി.പി. നേതാവ് മെഹ്ബൂബ മുഫ്തി, ശിവസേന നേതാക്കളായ ആദിത്യ താക്കറെ, പ്രിയങ്ക ചതുര്‍വേദി, സഞ്ജയ് റാവുത്ത്, എന്‍.സി.പിയുടെ സുപ്രിയ സൂലെ ഉള്‍പ്പടെയുള്ള പ്രതിപക്ഷനിരയും രാഹുലിനൊപ്പം യാത്രയില്‍ പങ്കാളികളായി. എതിരാളികള്‍ ഭയപ്പെടുന്ന പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിലേക്കുള്ള രാഹുലിന്റെ വളര്‍ച്ചയ്ക്കാണ് ജോഡോ യാത്രയിലൂടെ സാക്ഷ്യം വഹിച്ചതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. തന്നെ പിന്തുണയ്ക്കുന്നവരുടേയും എതിര്‍ക്കുന്നവരുടേയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റാന്‍ രാഹുലിന് സാധിച്ചിരുന്നു.

