KSDLIVENEWS

Real news for everyone

ഡല്‍ഹി സര്‍ക്കാരിന് 400 ഇ-ബസുകള്‍ കൈമാറി ടാറ്റ; ഏറ്റവുമധികം ഇലക്ട്രിക് ബസ് രാജ്യതലസ്ഥാനത്ത്‌

SHARE THIS ON

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇ-ബസുകള്‍ സര്‍വീസ് നടത്തുന്ന നഗരമായി ഡല്‍ഹി. പുതുതായി 400 വൈദ്യുതബസുകള്‍കൂടി റോഡിലിറക്കിയതോടെ രാജ്യതലസ്ഥാനത്തെ ഇ-ബസുകളുടെ ആകെയെണ്ണം 800 ആയി വര്‍ധിച്ചു. രാജ്യത്തെതന്നെ ഉയര്‍ന്ന കണക്കാണിതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇന്ദ്രപ്രസ്ഥ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും ലെഫ്. ഗവര്‍ണര്‍ വി.കെ. സക്സേനയും ചേര്‍ന്ന് പുതിയ ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കി.

കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ വൈദ്യുതബസുകള്‍ വാങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ 3674 കോടിരൂപ ചെലവാക്കുന്നുണ്ട്. കേന്ദ്ര സബ്സിഡിയായി 417 കോടി രൂപ ലഭിക്കും. പദ്ധതിക്കുകീഴില്‍ ആകെ 921 ഇ-ബസുകളാണ് വാങ്ങുന്നത്. ബാക്കി 121 ബസുകളും അടുത്തഘട്ടത്തിലിറക്കും. എ.സി., യാത്രികരുടെ സുരക്ഷയ്ക്കായി സി.സി.ടി.വി. ക്യാമറകള്‍, അപായമണി എന്നീ സൗകര്യങ്ങള്‍ക്കുപുറമെ ഭിന്നശേഷിസൗഹൃദവുമാണ് പുതിയ ബസുകള്‍.

തീപ്പിടിത്തം കണ്ടെത്താനുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. ബസുകളിലെ തത്സമയ വീഡിയോസംപ്രേഷണം നിരീക്ഷിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രാസൗകര്യം മാത്രമല്ല പരിസ്ഥിതി സൗഹൃദവുമാണെന്നതാണ് പുതിയ ബസുകളുടെ പ്രത്യേകതയെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോത് പറഞ്ഞു.

ഡല്‍ഹിയിലെ പൊതുഗതാഗതരംഗത്ത് 800 ഇ-ബസുകളായെന്നും നേട്ടത്തില്‍ നഗരവാസികളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജി-20 ഉച്ചകോടിക്ക് മുമ്പേ ഈ നേട്ടം കൈവരിക്കാനായി. ഈവര്‍ഷംതന്നെ ആയിരം ബസുകള്‍കൂടി പുറത്തിറക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. നഗരസര്‍വീസിനായി പുതുതായി 2026 ഇ-ബസുകള്‍കൂടി വാങ്ങാന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

12 വര്‍ഷത്തേക്ക് 1500 ലോ-ഫ്‌ളോര്‍, എയര്‍ കണ്ടീഷന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ നല്‍കുന്നതിനും ഇവയുടെ നടത്തിപ്പിനും ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുമായുള്ള ടാറ്റ മോട്ടോഴ്‌സിന്റെ സഹകരണത്തിന്റെ ഭാഗമായാണ് പുതിയ 400 ബസുകള്‍ കൈമാറിയിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ ഉദ്യമത്തിന്റെ ബാഗമായി പുതിയ ബാറ്ററി സംവിധാനങ്ങളും പുത്തന്‍ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ച് നെക്സ്റ്റ് ജനറേഷന്‍ നിര്‍മാണ ശൈലിയിലാണ് ഈ ബസുകള്‍ ഒരുങ്ങിയിട്ടുള്ളത്.

സര്‍ക്കാരിന്റെ ലക്ഷ്യം 8000 ഇ-ബസ്

2025 അവസാനത്തോടെ ഡല്‍ഹിയിലെ റോഡുകളില്‍ 8000 വൈദ്യുതബസുകള്‍ ഓടിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു.അപ്പോള്‍ തലസ്ഥാനത്താകെ പതിനായിരം ബസുകളുണ്ടാകും. അതില്‍ 80 ശതമാനവും ഇ-ബസുകളായിരിക്കും. വൈദ്യുതബസ് സര്‍വീസുകളുടെപേരില്‍ വൈകാതെ ഡല്‍ഹി ലോകപ്രശസ്തമാകുമെന്നും കെജ്രിവാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!